തലശേരിയിലെ പൊലീസ് ആക്രമണം: സഭയിൽ വാക്കൗട്ട്

Thursday 20 March 2025 1:41 AM IST

തിരുവനന്തപുരം: തലശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിന് നേരെ അക്രമമുണ്ടായതിനെക്കുറിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ സ്പീക്കർ എ.എൻ. ഷംസീർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ക്ഷേത്രോത്സവം സംബന്ധിച്ച വിഷയം പൊതു പ്രാധാന്യമുള്ളതല്ലെന്നും അടിയന്തര സ്വഭാവമില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ക്ഷേത്രോത്സവത്തെക്കുറിച്ചല്ല, പൊലീസിനെ ആക്രമിച്ചതിനെക്കുറിച്ചാണ് നോട്ടീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർക്കാരിന്റെ സൗകര്യം അനുസരിച്ചല്ല അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് സേനയുടെ ആത്മവീര്യം തകർക്കുമെന്നും ആരോപിച്ചു.

സി.പി.എമ്മുകാർ തെയ്യം കടന്നു പോയപ്പോൾ വിളിച്ചതിനെത്തുടർന്നായിരുന്നു സംഘർഷം. പിടിച്ചു മാറ്റാൻ ശ്രമിച്ച തലശേരി സ്റ്റേഷനിലെ പൊലീസുകാരെയാണ് ക്രൂരമായി മർദ്ദിച്ചത്. 'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പൊലീസ് കാവിൽ കയറി കളിക്കണ്ട, കളിച്ചാൽ തലശേരി സ്റ്റേഷനിൽ ഒരൊറ്റ പൊലീസുകാരും കാണില്ല" എന്ന് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. വനിതാ ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ചു. പിന്നാലെ വനിതാ എസ്.ഐയെയും എസ്.ഐയെയും സ്ഥലംമാറ്റി. എസ്.എഫ്.ഐ നേതാക്കൾ പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്. അമ്പലങ്ങളിൽ എന്തിനാണ് രാഷ്ട്രീയം കലർത്തുന്നത്? ആർ.എസ്.എസ് അമ്പലങ്ങളിൽ പോയി ഗണഗീതങ്ങൾ പാടുന്നതു പോലെ സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്.ഇവർ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കുയാണെന്നും സതീശൻ പറഞ്ഞു.