മലപ്പുറത്ത് വീണ്ടും പുലി; ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്

Thursday 20 March 2025 7:21 AM IST

മലപ്പുറം: മമ്പാട് വീണ്ടും പുലിയെ കണ്ടു. നടുവക്കാട് ഇളംമ്പുഴയിലാണ് വീണ്ടും പുലിയെ കണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മേഖലയിൽ സ്‌കൂട്ടർ യാത്രികർക്കുനേരെ പുലിയാക്രമണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ വനം വകുപ്പ് പ്രദേശത്ത് പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടുവക്കാട് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്. ഇത് പലരിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്. സ്കൂൾ, കോളേജ് വിദ്യാ‌ർത്ഥികൾ ഒരുപാടുളള മേഖലയാണിത്. വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.