"രണ്ട് തവണ അവൻ രോഗത്തിൽ നിന്ന് മുക്തനായി, മൂന്നാം തവണയും രോഗം പിടിമുറുക്കി; ആദിത്യൻ യാത്രയായി"

Thursday 20 March 2025 2:27 PM IST

ഏറെ പ്രിയപ്പെട്ട ഒരു കുട്ടിയുടെ വിയോഗത്തിന്റെ വേദനയിലാണ് ഗായകൻ ജി വേണുഗോപാൽ. കാൻസർ ബാധിച്ച് മരിച്ച ആദിത്യൻ എന്ന കുട്ടിയുടെ മരണമാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത്. അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന 'സസ്‌നേഹം ജി വേണുഗോപാൽ' എന്ന ചാരിറ്റി ഫൗണ്ടേഷൻ അഞ്ച് വർഷത്തോളമായി കുട്ടിയ്ക്ക് ചികിത്സാ സഹായം നൽകിവരികയായിരുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ കാൻസർ ബാധിച്ച ആദിത്യൻ രണ്ട് തവണ രോഗമുക്തി നേടിയിരുന്നു. എന്നാൽ മൂന്നാം തവണ വീണ്ടും രോഗം ബാധിച്ചതോടെ കുട്ടിയെ രക്ഷിക്കാനായില്ല. ആദിത്യന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് വേണുഗോപാൽ, കുട്ടിയുടെ മരണവിവരം അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആദിത്യൻ യാത്രയായി. ചെറുപ്രായത്തിൽ തന്നെ അർബുദം അവനെ പിടി കൂടിയിരുന്നു. 2 തവണ അവൻ രോഗത്തിൽ നിന്ന് മുക്തനായി. മൂന്നാം തവണയും രോഗം പിടിമുറുക്കിയപ്പോൾ, ഇന്നലെ വൈകുന്നേരത്തോടെ അവൻ നമ്മളെ വിട്ടു പോയി. ഏതാണ്ട് കഴിഞ്ഞ 5 വർഷമായി സസ്നേഹം പലപ്പോഴായി ആദിത്യന് ചികിത്സാസഹായം നൽകിയിരുന്നു. ഏറ്റവുമൊടുവിൽ സതീശൻ മാസ്റ്ററുടെ പേരിലുള്ള എൻഡോവ്മെന്റ് ഫണ്ട് 25000 രൂപയുടെ സഹായവും നൽകി. ആദിത്യന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം ആ കുടുംബത്തിനായി ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സസ്നേഹം എന്നുമുണ്ടാകും