യുവാവ് ബന്ധുവീട്ടിൽ മരിച്ചനിലയിൽ; പെട്ടെന്ന് സംസ്കരിക്കാൻ കുടുംബത്തിന്റെ നീക്കം, തടഞ്ഞ് പൊലീസ്

Thursday 20 March 2025 3:49 PM IST

ആലപ്പുഴ: ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാനുള്ള നീക്കം തടഞ്ഞു. മണ്ണഞ്ചേരി സ്വദേശി അർജുൻ(20) ആണ് മരിച്ചത്. മുത്തച്ഛന്റെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാനോ, ഡോക്ടറെ വിളിച്ച് മരണം സ്ഥിരീകരിക്കാനോ വീട്ടുകാർ ശ്രമിച്ചില്ല.

പെട്ടെന്ന് തന്നെ മൃതദേഹം സംസ്‌കരിക്കാനായിരുന്നു ശ്രമം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും സംസ്‌കാരം തടയുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തങ്ങളുടെ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ അർജുൻ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു താമസിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.