കൊച്ചിയിൽ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കളമശേരിയിൽ അഞ്ച് കിലോമീറ്ററോളം ഗതാഗതക്കുരുക്ക്

Thursday 20 March 2025 4:31 PM IST

കൊച്ചി: സീപോർട്ട് എയർപോർട്ട് റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്ന് ടാങ്കറിന്റെ ടയർ ഭാഗം തിരിഞ്ഞതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇരുമ്പനത്ത് നിന്ന് കളമശേരിയിലേക്കുള്ള പാതയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്‌തംഭിച്ചിരുന്നു. സ്ഥലത്ത് ക്രെയിൻ എത്തിച്ച് ടാങ്കർ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പത്തെ പ്ലാന്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബസിടിച്ചാണ് അപകടമുണ്ടായത്. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു. ബസ് മാത്രമാണ് ആദ്യം മാറ്റാൻ സാധിച്ചത്. ടാങ്കർ ലോറി റോഡരികിൽ ഒഴിഞ്ഞ ഇടത്തേക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റി.

അപകടത്തിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. വാഹനത്തിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്‌സ് പുറത്തെത്തിച്ചു. പൊലീസ്, ഫയർഫോഴ്‌സ് എന്നിവർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.