വെെക്കത്ത് വീടിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് 12ദിവസത്തെ പഴക്കം
കോട്ടയം: വെെക്കത്ത് വീടിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 12 ദിവസമായി ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിജയകുമാർ - ഗീത ദമ്പതികളുടെ വീടാണിത്. ഇവർ മകളുടെ വീട്ടിലായിരുന്നു. ഇന്ന് തിരികെ എത്തിയപ്പോഴാണ് വീടിന്റെ തിണ്ണയിൽ കിടക്കുന്ന രീതിയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് വീട് ഉള്ളത്. അതിനാൽ ഇവിടെ നിന്ന് മറ്റ് ദുർഗന്ധങ്ങൾ പുറത്തുവന്നിരുന്നില്ല. വിജയകുമാറിന്റെ മകനും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു. ഈ മൃതദേഹം മകന്റെതാണോ എന്ന തരത്തിലുള്ള അന്വേഷണവും നടത്തുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ ലഭിക്കുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ ആരംഭിച്ചു.