ജീവിതം രേഷ്മയെ സർവകലാ വല്ലഭയാക്കി

Friday 21 March 2025 5:11 PM IST

ചോറ്റാനിക്കര: ഒരു ദിവസം ഒന്നിന്നും തികയുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് രേഷ്മയെ പരിചയപ്പെടാം. നൃത്താദ്ധ്യാപിക, കളരി അഭ്യാസി, മരത്തൺ ഓട്ടക്കാരി, പെയിന്റിംഗ് തൊഴിലാളി... ഓരോ ദിവസവും തന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെയാണ് ചാലക്കപ്പാറ കീച്ചേരി പുത്തേറ്റ് മഹേഷിന്റെ ഭാര്യ ഇരുപത്തൊമ്പതുകാരിയായ രേഷ്മ. ചിത്രം വരക്കാരിയായും മെഹന്തി കലാകാരിയായും യോഗാ അഭ്യാസിയായും ചെടികളുടെ ഗ്രാഫ്റ്റിംഗ് തൊഴിലാളിയായുമെല്ലാം ഈ സുവോളജി ബിരുദധാരി ജീവിതം ആസ്വദിക്കുകയാണ്.

കുച്ചിപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവും ചെറുപ്രായത്തിലേ ഹൃദ്യസ്ഥമാക്കി. ബിരുദത്തിനു പഠിക്കുമ്പോൾ മെയ് വഴക്കത്തിനായി തുടങ്ങിയ കളരിപ്പയറ്റ് പഠനം 10 വർഷമായി ചിട്ടയോടെ തുടരുന്നു.

എറണാകുളം മട്ടാഞ്ചേരി രാജീവത്തിൽ രാജുവിന്റെയും രേഖയുടെയും മകളാണ് രേഷ്മ. സംസ്ഥാന കബഡി ഫെഡറേഷൻ സെക്രട്ടറിയായ രാജു പെയിന്റിംഗ് ജോലിക്കാരനുമാണ്. അച്ഛനെ സഹായിക്കാൻ പോയാണ് വീട് പെയിന്റിംഗ് പഠിച്ചത്. മകൻ: മിലൻ.

 നാട്ടുകാരെ പരിശീലിപ്പിക്കും

നൃത്തവും യോഗയും കളരിയും സംയോജിപ്പിച്ച് ആരോഗ്യദായകമായ വിനോദമാക്കി നാട്ടുകാരെ പരിശീലിപ്പിക്കാൻ ഒരുങ്ങുകയാണ് രേഷ്മ. അതിനു മുന്നോടിയായി മയൂഖി എന്ന പേരിൽ നൃത്തശാലയും ആരംഭിച്ചു. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടെ നൃത്തം പഠിക്കാൻ കഴിയാതെ പോയവർക്ക് ഇവിടെ ചുരുങ്ങിയ ചെലവിൽ നൃത്തം അഭ്യസിക്കാം. പണമില്ലെങ്കിൽ സൗജന്യമായും പഠിക്കാം.

 കഴിവുകളെ വരുമാന മാർഗമാക്കി

സ്വതസിദ്ധമായി കിട്ടിയ കഴിവുകളായ ചിത്രരചനയും മെഹന്തി ഇടലും രേഷ്മയ്‌ക്ക് ഒരു വരുമാനമാർഗവുമാണ്. ഒരു സിനിമയിലും ഏതാനും കോമഡി പരിപാടികളിലും അഭിനയിക്കുകയും ചെയ്തു.2018 ലായിരുന്നു വിവാഹം. തുടർന്ന് ആമ്പല്ലൂർ പഞ്ചായത്തിലെ പൊതുരംഗത്ത് സജീവമായി. തൃപ്പൂണിത്തുറ അത്താഘോഷത്തിന് ഭരതനാട്യത്തിൽ രണ്ടാം സ്ഥാനം നേടിയതോടൊപ്പം നാട്ടിലുള്ള സ്ത്രീകളെ തിരുവാതിര പഠിപ്പിച്ച് സമീപത്തുള്ള അമ്പലങ്ങളിൽ പരിപാടി അവതരിപ്പിച്ചു. സ്കൂൾ തലം മുതൽ ഓട്ട മത്സരങ്ങളിൽ വിജയിയായിരുന്നു. ഇപ്പോൾ നാട്ടിൽ എവിടെ മാരത്തണുണ്ടെങ്കിലും പങ്കെടുക്കും.

കളരി പരിശീലനം ജീവിതത്തിൽ ആത്മവിശ്വാസമേകി. സ്ത്രീകൾക്ക് നേരെ അതിക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ അവർക്കായി സ്വയം പ്രതിരോധത്തിൽ പരിശീലനം നൽകാനും യോഗയിലൂടെ മാനസിക പിരിമുറുക്കം കുറയ്‌ക്കാനും നൃത്തത്തിലൂടെ കഴിവുകൾ വികസിപ്പിക്കാനും കളരി സംഘം തുടങ്ങാനുള്ള ആലോചനയിലാണ്.

രേഷ്മ