കേന്ദ്രം നല്‍കുന്നത് 1800, കേരളത്തിന്റെ വിഹിതം 1200; 'ഒരു വിഭാഗം ആശമാരുടെ സമരം ഇരട്ടത്താപ്പ്'

Thursday 20 March 2025 7:45 PM IST

തിരുവനന്തപുരം: ഒരു വിഭാഗം ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തിലെ ഇരട്ടത്താപ്പെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ആശ കേന്ദ്ര ആവിഷ്‌കൃത പദ്ധതി ആയതിനാല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവായി നല്‍കേണ്ട തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച ഫിക്‌സഡ് ഇന്‍സെന്റീവ് 3,000 രൂപയില്‍ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവും നല്‍കുന്നു.

ഇതിന് പുറമേ കേരള സര്‍ക്കാര്‍ 7,000 രൂപയുടെ ഓണറേറിയവും മറ്റ് ഇന്‍സെന്റീവുകളുടെ വിഹിതം കൂടി നല്‍കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സമരക്കാര്‍ കേന്ദ്ര ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് ഗൂഢാലോചനയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇടതുപക്ഷ സര്‍ക്കാരാണ് ആദ്യമായി ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ചതും വലിയ രീതിയില്‍ ഓണറേറിയം വര്‍ധിപ്പിച്ചതും. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആശമാരുടെ പ്രതിമാസ ഓണറേറിയം പ്രതിമാസം 1000 രൂപ ആയിരുന്നു. അതിനുശേഷം 1500 രൂപയില്‍ നിന്നും തൂടങ്ങി 7000 രൂപ എന്ന നിലയിലേക്കാണ് പ്രതിമാസ ഓണറേറിയം എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുളളത്.

ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകള്‍ പ്രകാരം ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ ആകെ13,200 രൂപ ലഭിക്കുന്നുണ്ട്, അതില്‍ 10,000ത്തോളം രൂപ സംസ്ഥാന വിഹിതമാണ്.

എന്നിട്ടും സമരക്കാര്‍ യുഡിഎഫ് നേതാക്കളെയും ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായ ബിജെപി നേതാക്കളെയും കൈനീട്ടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. ഇത് സംസ്ഥാന ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ പോയതുമായി ബന്ധപ്പെട്ടുള്ള എസ് യു സി ഐ നേതാവിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.