ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെന്റിൽ വൻ അവസരം
ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ഇപ്പോൾ ഏറെ തൊഴിലവസരങ്ങളുണ്ട്. ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആവശ്യക്കാരിലെത്തിക്കുന്ന പ്രക്രിയയാണ് ലോജിസ്റ്റിക്‌സ്. ലോകമെമ്പാടുമുള്ള ഷിപ്പിംഗ്, എയർലൈൻ, റോഡ് ഗതാഗതം, ഫ്രൈറ്റ് ഫോർവേഡിംഗ്, കയറ്റുമതി, ഇറക്കുമതി, സെയിൽസ്, മാർക്കറ്റിംഗ്, ഓഫീസ് നിർവഹണം, കസ്റ്റമർ സർവീസ്, ഡോക്യുമെന്റേഷൻ എന്നിവയെല്ലാം ലോജിസ്റ്റിക്‌സിൽപ്പെടുന്നു. ലോജിസ്റ്റിക് മാനേജ്‌മെന്റ് വിദഗ്ദ്ധരുടെ ആവശ്യകതയാണ് വർദ്ധിക്കുന്നത്. രാജ്യത്ത് പ്രതിവർഷം ഒരുലക്ഷത്തോളം ലോജിസ്റ്റിക്‌സ് വിദഗ്ദ്ധരുടെ ആവശ്യമുണ്ട്. കേരളത്തിൽ വിഴിഞ്ഞം പോർട്ടിൽ തൊഴിലവസരങ്ങളേറെയുണ്ട്.
കോഴ്സുകളും സാദ്ധ്യതകളും
ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്‌സുകൾക്കാണ് തൊഴിൽ സാദ്ധ്യതയേറെ. നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾ ലോജിസ്റ്റിക്‌സ് മേഖലയിലുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ബി.ബി.എ/ബി.കോം/ സർട്ടിഫിക്കറ്റ് ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന് ചേരാം. ഇതിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.
കോഴിക്കോട് എൻ.ഐ.ടിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്
എൻ.ഐ.ടി കോഴിക്കോട് ക്യാമ്പസിലെ സെന്റർ ഒഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ് ജൂലായ് മുതൽ ഡിസംബർ വരെ ഓഫർ ചെയ്യും. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ ട്രേഡ് മാനേജ്മെന്റ് പ്രോഗ്രാം ജനുവരി, ജൂൺ മാസങ്ങളിൽ ഓഫർ ചെയ്യും. രണ്ടു സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും പൂർത്തിയാക്കുന്നതിലൂടെ അപേക്ഷകർക്ക് ബിരുദാനന്തര ഡിപ്ലോമ ലഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള കരിക്കുലം, ഹൈബ്രിഡ് ലേണിംഗ്, ഇന്റേൺഷിപ്പുകൾ, ഐ.ഐ.എം മുംബയുമായി ചേർന്നുള്ള സഹകരണം എന്നിവ പ്രത്യേകതകളാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. അനലിറ്റിക്കൽ സ്‌കിൽസ്, അഭിരുചി എന്നിവ പ്രവേശന പരീക്ഷയിൽ വിലയിരുത്തും.
സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്‌സ് ഫണ്ടമെന്റൽസ്, ഇൻവെന്ററി ആൻഡ് വെയർഹൗസ് മാനേജ്മെന്റ്, പോർട്ട് ആൻഡ് ഫ്രൈറ്റ് മാനേജ്മെന്റ്, ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ടെക്‌നോളജി ഇന്റഗ്രേഷൻ, കേസ് സ്റ്റഡി എന്നിവ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിലുണ്ട്.
ഇന്റർനാഷണൽ ട്രേഡ് പോളിസീസ് ആൻഡ് കോംപ്ലിയൻസ്, EXIM ഡോക്യുമെന്റേഷൻ ആൻഡ് കസ്റ്റംസ്, ഗ്ലോബൽ മാർക്കറ്റ് ട്രെൻഡ്‌സ് ആൻഡ് ട്രേഡ് സ്ട്രാറ്റജി, ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ ഫിനാൻസ് ആൻഡ് റിസ്‌ക് മാനേജ്‌മെന്റ് എന്നിവ ഇന്റർനാഷണൽ ട്രേഡ് മാനേജ്മെന്റ് കോഴ്‌സിലുണ്ട്. www.tinyurl.com/nitcpragati.