ബംഗ്ലാദേശുകാരായ രണ്ടു പേർ പൊലീസ് പിടിയിൽ
അങ്കമാലി: അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ കൂടി പിടിയിൽ. ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. 2017ലാണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു.
മൊബൈൽ കണക്ഷനും താമസത്തിനും മറ്റുമായി വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചു വരികയായിരുന്നു. വിവിധ ജോലികളാണ് ചെയ്തിരുന്നത്. ഇവർ പണം ഏജന്റിന് ബംഗാളിലേക്ക് അയച്ചു കൊടുക്കുകയും അവിടെ നിന്ന് ഏജന്റ് ബംഗ്ലാദേശിലെത്തിക്കുകയുമായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. ഇവരെ സഹായിച്ചവരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടെ റൂറൽ ജില്ലയിൽ ഈ വർഷം പൊലീസ് പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 40.