തൊഴിലുറപ്പിടങ്ങളിൽ മരിച്ചാൽ കുടുംബത്തിന് രണ്ടു ലക്ഷം, നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

Friday 21 March 2025 4:47 AM IST
ഒക്ടോബർ 31ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്.

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ മരിച്ചാൽ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ അഞ്ചു ദിവസത്തിനകം ലഭിക്കും. 2022 ജൂൺ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ സഹായം അനുവദിക്കാൻ തദ്ദേശവകുപ്പ് സർക്കുലർ ഇറക്കി.

നിലവിൽ ആം ആദ്മി ബീമാ യോജന പ്രകാരമുള്ള 75,000 രൂപയായിരുന്നു സംസ്ഥാനത്ത് നൽകിയിരുന്ന ധനസഹായം. ഇത് കേന്ദ്ര സർക്കാർ രണ്ടുവർഷം മുമ്പ് രണ്ടു ലക്ഷം രൂപയാക്കി ഉയർത്തിയെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. ഉദ്യോഗസ്ഥ അലംഭാവം മൂലം പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ധനസഹായം നിഷേധിക്കുന്നത് കേരളകൗമുദി ഒക്ടോബർ 31ന് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്രനിർദ്ദേശം നടപ്പാക്കാനുള്ള ഫയൽനീക്കത്തിനു വേഗം കൂട്ടിയത്.

സംസ്ഥാനത്തിന് ബാദ്ധ്യത ഇല്ലാതെ കേന്ദ്ര ഫണ്ടിൽ നിന്ന് ധനസഹായം നൽകാമെന്നിരിക്കെ ഫയലിൽ ഉദ്യോഗസ്ഥർ അടയിരുന്നതാണ് പ്രശ്നമായത്. പുതിയ നിർദ്ദേശപ്രകാരം ജോലിക്കിടയിലുള്ള അപകടമരണം, കുഴഞ്ഞുവീണുള്ള മരണം (ഹൃദയാഘാതം ഉൾപ്പെടെ),സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിച്ചാൽ രണ്ടുലക്ഷം രൂപ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അഞ്ചുദിവസത്തിനുള്ളിൽ ലഭ്യമാക്കണം. തുടർന്ന് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഫണ്ടിൽ നിന്ന് പഞ്ചായത്തിന് പണം തിരികെ നൽകും. തൊഴിലാളിയോടൊപ്പം എത്തുന്ന കുട്ടിക്ക് ജോലിസ്ഥലത്തുവച്ച് അപകടമരണമോ,സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ ഒരുലക്ഷം രൂപയും സഹായമായിനൽകണം.

മുൻകാല ആനുകൂല്യം

2022 ജൂൺ മുതലുള്ള മുൻകാലപ്രാബല്യം കണക്കാക്കിയാൽ 330പേർക്ക് സഹായം ലഭിക്കണം. പ്രതിമാസം ശരാശരി 10 തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലിടത്തിൽ മരിക്കാറുണ്ട് എന്നാണ് കണക്ക്. നിലവിൽ 75000 രൂപ മാത്രം ലഭിച്ച ഈ തൊഴിലാളി കുടുംബങ്ങൾക്ക് വർദ്ധിപ്പിച്ച ആനുകൂല്യ പ്രകാരം 1,25,000 രൂപകൂടി ലഭിക്കും.