സി പി ഐ നേതാവ് കെ.ഇ. ഇസ്മയിലിന് സസ്പെൻഷൻ
തിരുവനന്തപുരം: സി.പി.ഐ മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുതിർന്ന നേതാവുമായ കെ.ഇ ഇസ്മയിലിനെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.സംസ്ഥാന കൗൺസിൽ അംഗീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
മുൻ പറവൂർ എം.എൽ.എ പി.രാജുവിന്റെ മരണ ശേഷം , പാർട്ടി രാജുവിന്റെ സൽപ്പേരു കളഞ്ഞെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിന്റെ പേരിലാണ് നടപടി. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സംഘടനാ നടപടിയെടുത്തതിൽ രാജുവിന് വിഷമമുണ്ടായിരുന്നുവെന്നും അന്ന് ഇസ്മയിൽ പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന് ശേഷം രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കേണ്ടെന്ന് കുടംബം തീരുമാനമെടുത്തത് വലിയ വിവാദമായിരുന്നു.
ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സി.പി.ഐ നേതൃത്വത്തിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇസ്മയിലിൽ നിന്ന് പാർട്ടി വിശദീകരണം തേടിയിരുന്നു. ഇന്നലത്തെ എക്സിക്യൂട്ടീവിൽ ഇസ്മയിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും സസ്പെൻഷൻ എന്നു തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്നൊഴിഞ്ഞ ഇസ്മയിലിനെ പാലക്കാട് ജില്ലാ കൗൺസിലിൽ ക്ഷണിതാവാക്കിയിരുന്നു.സസ്പെൻഷൻ നടപടി പാർട്ടി രേഖാമൂലം തന്നെ അറിയിച്ചിട്ടില്ലെന്ന് കെ.ഇ.ഇസ്മയിൽ കേരളകൗമുദിയോട് പറഞ്ഞു. ചാനലുകളിൽ കണ്ട കാര്യങ്ങൾ മാത്രമാണ് തനിക്ക് അറിവുള്ളത്. രേഖാമൂലം അറിയിപ്പ് കിട്ടാതെ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നും അറിയിപ്പ് വന്ന ശേഷം കാര്യങ്ങൾ വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.