കേ​ര​ള​ ​ഗ്രാ​മീ​ൺ​ ​ബാ​ങ്കിനൊപ്പം കൈ​കോ​ർ​ത്ത് കു​ടും​ബ​ശ്രീ​

Friday 21 March 2025 12:24 AM IST

മലപ്പുറം: ബാങ്കിംഗ് സേവനങ്ങൾ സ്‌ത്രീകളടക്കമുള്ള അടിസ്ഥാന വിഭാഗങ്ങളിലെത്തിക്കുന്നതിനായി കേരള ഗ്രാമീൺ ബാങ്കും കുടുംബശ്രീയും ധാരണാപത്രത്തിൽ ഒപ്പിട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശനും കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ ആർ.സുരേഷ് ബാബുവും ധാരണാപത്രം കൈമാറി. കേരള ഗ്രാമീൺ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ടി.വി.രാഗേഷ്, മാർക്കറ്റിംഗ് മാനേജർ കെ.ആർ. രാജേഷ്, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി.നവീൻ, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ കെ.അബ്ദുൾ ബഷീർ, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജി. ലിബിൻ എന്നിവർ പങ്കെടുത്തു. ധാരണ പ്രകാരം സേവിംഗ്സ്, കറന്റ് ബാങ്ക് അക്കൗണ്ടുകൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, സ്ത്രീ സംരംഭകർ എന്നിവയ്ക്കുള്ള വായ്പകൾ, വിവിധ സർക്കാർ സ്‌പോൺസേർഡ് സ്‌കീമുകൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ മുതലായവ കേരള ഗ്രാമീൺ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കായി ലഭ്യമാക്കും. നിലവിൽ കുടുംബശ്രീയുമായി സഹകരിച്ച് കേരള ഗ്രാമീൺ ബാങ്ക് ഒട്ടേറെ ബാങ്കിംഗ്, സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ധാരണാപത്രം നിലവിൽ വന്നതോടെ സമസ്ത മേഖലകളിലുമുള്ള പരസ്പര സഹകരണത്തിന് ശക്തിയേറും.