ഇന്ത്യയുടെ വളർച്ച സുസ്ഥിരമെന്ന് റിസർവ് ബാങ്ക്

Friday 21 March 2025 12:27 AM IST

ആഗോള അനിശ്ചിതത്വങ്ങൾ ബാധിക്കില്ല

കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധന ഉൾപ്പെടെയുള്ള ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തോടെ മുന്നോട്ടു നീങ്ങുകയാണെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വ്യക്തമാക്കി. പൊതു സാമ്പത്തിക കണക്കുകൾ നൽകുന്ന സൂചന ഇന്ത്യയുടെ ധന അടിത്തറ ശക്തവും സുസ്ഥിരവുമാണെന്നാണ്. കാർഷിക രംഗത്തിന്റെ മികച്ച പ്രകടനവും നഗര, ഗ്രാമീണ മേഖലകളിൽ ഉത്പാദനത്തിലുണ്ടാകുന്ന വർദ്ധനയുമാണ് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ഊർജം നൽകുന്നത്. അതേസമയം രാജ്യാന്തര വിപണിയിലെ സംഘർഷ സാഹചര്യങ്ങളാൽ ഇന്ത്യയിൽ നിന്നും വൻതോതിൽ വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നതാണ് വെല്ലുവിളിയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

നാണയപ്പെരുപ്പം ഏഴ് മാസത്തെ കുറഞ്ഞ തലത്തിലേക്ക് നിയന്ത്രിക്കാൻ കഴിഞ്ഞതും ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിറുത്തിയതും രാജ്യത്തിന് ഗുണമാകുമെന്നും റിസർവ് ബാങ്കിന്റെ പ്രതിമാസ അവലോകന ബുള്ളറ്റിനിൽ പറയുന്നു.

പലിശ നിരക്ക് കുറച്ചേക്കും

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും ആഗോള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും. ഫെബ്രുവരിയിലെ ധന നയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിലവിൽ റിപ്പോ നിരക്ക് 6.25 ശതമാനമാണ്.

ഒക്‌ടോബറിന് ശേഷം വിദേശ നിക്ഷേപകർ പിൻവലിച്ചത്

2,52,300 കോടി രൂപ