പ്രദർശനമില്ലാതെ അടൂരിലെ സിനിമ തീയേറ്ററുകൾ

Friday 21 March 2025 12:07 AM IST

അടൂർ : ലോക സിനിമയ്ക്ക് അടൂർ ഗോപാലകൃഷ്ണൻ എന്ന ഇതിഹാസ പുരുഷനെയും മലയാള സിനിമയ്ക്ക് അടൂർ ഭാസി മുതൽ ഒരുപിടി അഭിനയ പ്രതിഭകളെയും സമ്മാനിച്ച അടൂരിന്റെ മണ്ണിൽ ഇന്ന് വലി​യ സ്ക്രീനി​ൽ സിനിമ കാണാൻ അവസരമി​ല്ല. നാടി​ന് സി​നി​മയുടെ വലി​യ കാഴ്ച പകർന്നു നൽകി​യ നയനം, നാദം, സ്മിത എന്നീ തീയേറ്ററുകൾ പ്രവർത്തനം നിലച്ചിട്ട് നാളുകളേറെയായി. അത്യാധുനിക രീതിയിൽ മൾട്ടിപ്ലക്സ് തീയേറ്ററുകളായി ഇവി​ടെ പ്രദർശനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷി​ച്ച സിനിമ പ്രേമികളും നിരാശയിലാണ്. നയനം, നാദം തീയേറ്ററുകളുടെ നവീകരണം പകുതി വഴിയിലാണ്. സ്മിത തീയേറ്ററും പ്രവർത്തന സജ്ജമായിട്ടില്ല. തീയേറ്റർ സിനിമ അനുഭവി​ക്കണമെങ്കി​ൽ അടൂരുകാർക്കി​പ്പോൾ പത്തനംതിട്ട, പന്തളം, നൂറനാട്, കൊട്ടാരക്കര, പത്തനാപുരം തുടങ്ങിയ സമീപ നഗരങ്ങളെ ആശ്രയി​ക്കണം. അനുദിനം പുതിയ സംരംഭങ്ങൾക്ക് ഇടമൊരുങ്ങുന്ന അടൂരിൽ തീയേറ്റർ വ്യവസായത്തിന് ആരെങ്കിലും നിക്ഷേപം നടത്താൻ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. അടൂരിൽ തീയേറ്ററുകൾ സജീവമായാൽ സർക്കാരിനും നഗരസഭയ്ക്കും വിനോദ നികുതി ഇനത്തിൽ നേട്ടമാകും. എന്നാൽ ഈ കാര്യത്തിൽ ക്രിയാത്മകമായ ഇടപെടൽ നടക്കുന്നില്ല എന്ന പരിഭവവും സിനിമാപ്രേമികൾക്കിടയിലുണ്ട്. ഫാൻസ്‌ ഷോയും ആഹ്ലാദ പ്രകടനവും ഹൗസ് ഫുൾ ചിത്രങ്ങൾ കണ്ടുകൂട്ടത്തോടെ മടങ്ങുന്ന പ്രേക്ഷകരുമൊക്കെ അടൂരിന്റെ കഴി​ഞ്ഞകാല സിനിമ കാഴ്ചകളായി മാറുകയാണ്.