പൊതുതാത്പര്യ ഹർജിയിൽ സുതാര്യത വേണം: ഹൈക്കോടതി

Friday 21 March 2025 1:07 AM IST

കൊച്ചി: ഹൈക്കോടതിയിലെ സ്ഥിരം ഹർജിക്കാരനായ പായിച്ചിറ നവാസിനെതിരെ അന്വേഷണത്തിന് അമിക്കസ്‌ക്യൂറിയെ നിയോഗിക്കുമെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹർജികളിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്കിനെ നോളജ് മിഷൻ ഉപദേശകനായി നിയമിച്ചതിനെതിരായ ഹർജിയിലാണിത്. പൊതുഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാദ്ധ്യതയാകുന്ന നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജിക്ക് പിന്നിൽ സ്വകാര്യ താത്പര്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. മുൻമന്ത്രി അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള കേസുകളിൽ പ്രതിയാണ് നവാസ്. പ്രമുഖ വ്യക്തികൾക്കെതിരെ പൊതുതാത്പര്യ ഹർജികൾ നൽകി ഒത്തുതീർപ്പിന് പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നവാസിനെതിരെയുണ്ട്. ഏപ്രിൽ നാലിന് വിഷയം വീണ്ടും പരിഗണിക്കും.