ഭീഷണി ഉയർത്തി ലഹരി മാഫിയ ഭീതിയിലായി മലയോരം

Friday 21 March 2025 12:09 AM IST
ലഹരി വിരുദ്ധ പ്രവർത്തകർ സ്ഥാപിച്ച ബോർഡ് നശിപ്പിച്ച നിലയിൽ

കോഴിക്കോട്: ലഹരി മാഫിയയുടെ ഭീഷണിയിൽ ഭീതിയിലായി താമരശേരി, പുതുപ്പാടി, അടിവാരം ഉൾപ്പെടുന്ന മലയാേര മേഖല. ലഹരിക്കടിമപ്പെട്ട ആഷിക് അമ്മയെയും യാസിർ ഭാര്യ ഷിബിലയെയും കൊന്ന സംഭവങ്ങൾ നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

അതിനിടെ ലഹരിക്കെതിരെ പ്രവർത്തിച്ചാൽ കൊല്ലുമെന്ന് ലഹരിവരുദ്ധ പ്രവർത്തകൻ ഷംനാദ് പുതുപ്പാടിക്ക് ഫോണിൽ ഭീഷണി. പ്രദേശത്തെ മുപ്പതോളം ലഹരിവിരുദ്ധ ബോർഡുകളും ബാനറുകളും മറ്റും ലഹരി മാഫിയ നശിപ്പിച്ചു. മലയോര മേഖലയിൽ വ്യാപക റെയ്ഡിനും മറ്റും എക്സെെസ്, പൊലീസ് ഉദ്യോഗസ്ഥർക്ക് വാഹനം പോലും വേണ്ടത്രയില്ല. അംഗബലവും കുറവ്. ചുരത്തിലെ നാലാംവളവിലും വനമേഖല കേന്ദ്രീകരിച്ചുമാണ് ലഹരി വിൽപ്പന. വനത്തിലെ രഹസ്യ കേന്ദ്രങ്ങളിലെത്താൻ ഉദ്യോഗസ്ഥർക്കുമാകില്ല. ഇവരുടെ പക്കൽ മാരകായുധങ്ങളുമുണ്ടാകാം. ലഹരിവിരുദ്ധ പ്രവർത്തകരെ മാഫിയ നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവരം. അവരുടെ ഫോട്ടോ പ്രചരിപ്പിച്ച്‌ കെെകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ലഹരി മാഫിയക്കും ഫോട്ടോകൾ അയച്ചുകൊടുക്കുന്നുവെന്നാണ് ആക്ഷേപം. പൊലീസിന്റെ സഹായം കിട്ടുന്നില്ലെന്നും ലഹരിവിരുദ്ധ സമിതി പരാതിപ്പെടുന്നു. ലഹരി ഉപയോഗിച്ച് ഭർത്താവ് യാസിർ ഉപദ്രവിക്കുന്നതിനെപ്പറ്റി ഷിബിലയും കുടുംബവും പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ, ഒരാളെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചത് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

ആഷിക്കും യാസിറും ഒരേ കടയിലെ ജീവനക്കാർ

താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. രാത്രിയായാൽ നാലാം വളവിൽ ആളുകൾ തമ്പടിക്കും. ഇവർ നടത്തുന്ന ആക്രമണങ്ങൾക്കു നേരെ പൊലീസ് കണ്ണടയ്ക്കുന്നുവെന്നും ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. അടിവാരത്തുനിന്ന് ഈയിടെ 2 കേസുകൾ പിടിച്ചു. എന്നാൽ അവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തിയില്ല. യഥാർത്ഥ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. കൊലപാതകങ്ങളുണ്ടാകുമ്പോഴാണ് വിവരങ്ങൾ പലതും പുറത്തുവരുന്നത്.

എക്സെെസ് പിടികൂടിയ ലഹരിവസ്തുക്കൾ

വർഷം, കഞ്ചാവ് (കിലോ) , ബ്രൗൺഷുഗർ (ഗ്രാം ) , എം.ഡി.എം.എ (ഗ്രാം), കേസുകൾ, അറസ്റ്റ്

2020..... 20.786 ..... 6.87 ..... 5.81..... 107.....107

2021..... 94.807 ..... 2.1 ..... 202.935.....142.....135

2022..... 91.171.....19.624 ..... 522.939.....292.....301

2023..... 145..... 9.7654 ..... 623.297.....404.....400

2024..... 117.932..... 0 ..... 2015.73.....363.....357

2025..... 31.578..... 11 ..... 4.158.....133.....134

(മാർച്ച് 19 വരെ)