സപ്ലൈകോയിൽ അരി ഉൾപ്പെടെ കാലി

Friday 21 March 2025 1:15 AM IST

തിരുവനന്തപുരം: വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് അടിയന്തരരമായി 500 കോടി രൂപ ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കത്ത് നൽകി കാത്തിരിക്കുമ്പോൾ ധനവകുപ്പ് വിഷു- റംസാൻ ഫെയറിനായി അനുവദിച്ചത് 100 കോടി. മിക്കവാറും ഔട്ട്ലെറ്റകളിൽ ആന്ധ്ര വെള്ള (ജയ) അരി ഉൾപ്പടെയുള്ള അരി ഇനങ്ങൾ പോലും തീർന്ന ഘട്ടത്തിലാണിത്. കിട്ടുന്നതു കൊണ്ട് പ്രത്യേക ഫെയറുകൾ ഉൾപ്പെടെ സംഘടിപ്പിക്കണമെന്ന നിർദ്ദേശമാണ് ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്ക് നൽകിയിരിക്കുന്നത്.

വിതരണക്കാർക്ക് ഇനിയും 300 കോടിയോളം രൂപ കൊടുത്തു തീർക്കാനുണ്ട്. തവണകളായി കൊടുത്തു തീർക്കുമെന്ന വാഗ്ദാനം നടപ്പിലാകാത്തതോടെ പല വിതരണക്കാരും അരി ഉൾപ്പെടെ എത്തിക്കുന്നത് നിറുത്തി. ഇതോടെയാണ് വിപണി ഇടപെടലിനായി സർക്കാർ മുൻ വർഷങ്ങളിൽ നൽകാറുള്ള 1300 കോടിയിൽ 500 കോടി രൂപ ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ധനവകുപ്പിന് കത്തയച്ചത്. ക്രിസ്മസ് ഫെയറുകൾ തുടങ്ങുന്നതിന് സർക്കാർ 50കോടിയാണ് അനുവദിച്ചത്. പേരിനു വേണ്ടി ഫെയറുകൾ അന്ന് നടത്തിയെങ്കിലും, പിന്നീട് സബ്സിഡി കച്ചവടം ഉൾപ്പെടെ പ്രതിസന്ധിയിലായി.

കുടിശിക നൽകി അരി എത്തിക്കാം

1 വിതരണക്കാരുടെ കുടിശികയിൽ ഒരു പങ്ക് നൽകി അരി ഉൾപ്പെടെയുള്ളവയുടെ സ്റ്റോക്ക് എത്തിക്കുക

2 ബ്രാൻഡഡ് സാധനങ്ങളുൾപ്പെടെ എത്തിച്ച് വിഷു- റംസാൻ മേള കൊഴുപ്പിക്കുക. ഇതിനായി പ്രമുഖ ബ്രാൻഡുകളുടെ സ്പോൺസറിംഗ് ക്ഷണിക്കുക

'സപ്ലൈകോ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാൻ കഴിയില്ലെങ്കിലു വിഷു ഫെയറുകൾ സംഘടിപ്പിക്കുന്നതിന് സർക്കാർ നൽകുന്ന 100 കോടി രൂപ സഹായമാകും".

- ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി