എയ്ഡഡ് കോളേജുകൾ ഫാക്കൽറ്റികൾക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ കാലിക്കറ്റ് സർവകലാശാലയുടെ അനുമതി
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളേജുകളിലെ ഫാക്കൽറ്റി അംഗങ്ങൾക്ക് അവരുടെ അക്കാദമിക് ഉത്തരവാദിത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള സംരംഭക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതി നൽകും. സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് സർവകലാശാല വൈസ് ചാൻസലർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
എൻജിനീയറിംഗ്, ഡിഗ്രി കോഴ്സുകളുടെ പരീക്ഷാഫീസ് വർദ്ധിപ്പിച്ചു. പുതുക്കിയ ഫീസ് ഘടനയ്ക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകി. സർവകലാശാല പഠന വകുപ്പിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെയും രണ്ടുവർഷ പി.ജി പ്രോഗ്രാമുകളുടെയും ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.
1995ലോ അതിനുശേഷമോ കോഴ്സ് പൂർത്തീകരിച്ച വിവിധ യു.ജി, പി.ജി, പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഒരു മേഴ്സി ചാൻസ് കൂടി നൽകുന്ന കാര്യം അക്കാദമിക് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു. മുൻപ് സപ്ലിമെന്ററി പരീക്ഷയെഴുതി വിജയിക്കാത്ത വിദ്യാർത്ഥികൾക്കും അപേക്ഷ നൽകി പരീക്ഷ എഴുതാതിരുന്നവർക്കും മേഴ്സി ചാൻസ് ഉപയോഗപ്പെടുത്താനുള്ള നിർദ്ദേശവും സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കും. സ്വാശ്രയ കോളേജുകളിൽ യു.ജി.സി അംഗീകൃത അദ്ധ്യാപക യോഗ്യത നിർബന്ധമാക്കും. യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കില്ല. അദ്ധ്യാപകരുടെ പ്രമോഷന് മാനദണ്ഡമാക്കുന്ന പബ്ലിക്കേഷന്റെ ഗുണനിലവാരം പരിശോധിക്കാൻ ഉപസമിതി രൂപീകരിച്ചു.
സർവകലാശാലയുടെ കീഴിൽ ഇനിയും സ്വാശ്രയ കോളേജുകൾ ആരംഭിക്കേണ്ടതുണ്ടോ എന്ന സർക്കാരിന്റെ ചോദ്യത്തിന് ആരംഭിക്കുമെന്ന് മറുപടി നൽകാൻ തീരുമാനിച്ചു. പുതിയ കോളേജുകൾ ആരംഭിക്കാൻ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ കൂടെ സമർപ്പിച്ചിട്ടുള്ള രേഖകളുടെ സൂക്ഷ്മ പരിശോധന നടത്താനും നിയമവശങ്ങൾ പരിശോധിക്കാനും നിയമ വിദഗ്ദ്ധരെ ഉൾപ്പെടുത്തി പാനൽ രൂപീകരിച്ചു. നാലുവർഷ ഡിഗ്രിയുടെ നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ വീഴ്ചകൾക്ക് കോളേജുകളിൽ നിന്നും പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈടാക്കിയ പിഴത്തുക തിരിച്ചു നൽകും.
ഉത്തരക്കടലാസുകളുടെ സ്‌ക്രൂട്ടിനിയിൽ മാർക്കിൽ വ്യത്യാസം വരികയോ മൂല്യനിർണയത്തിൽ പരമാവധി മാർക്കിന്റെ 30 ശതമാനത്തിലധികം മാറ്റം ഉണ്ടാവുകയും ചെയ്താൽ കാരണക്കാരായ വ്യക്തികളിൽ നിന്ന് പിഴ ഈടാക്കി വിദ്യാർത്ഥികൾക്ക് പുനർ മൂല്യനിർണയത്തിന് ഒടുക്കിയ ഫീസിന്റെ 75 ശതമാനം തിരിച്ച് നൽകും. സർവകലാശാലയുടെ സ്ഥലത്ത് ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര ഫുട്‌ബാൾ സ്റ്റേഡിയവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന കാര്യം സർക്കാരുമായി ചർച്ച ചെയ്യും.ണ്ട്.