റോഡിനോട് ചേർന്ന ഭൂമിക്ക് പട്ടയം: തീരുമാനം വരും

Friday 21 March 2025 12:15 AM IST

തിരുവനന്തപുരം: മരാമത്ത് റോഡിനോട് ചേർന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന ആവശ്യത്തിൽ മരാമത്ത്, റവന്യൂ വകുപ്പുകൾ യോഗം ചേർന്ന് പ്രായോഗിക തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. റോഡ് വികസനത്തിന് ഭൂമി ആവശ്യമുണ്ടോയെന്ന് മരാമത്ത് വകുപ്പാണ് അറിയിക്കേണ്ടത്. റോഡിൽ നിന്ന് എത്ര അകലത്തിലുള്ള ഭൂമിക്ക് പട്ടയം നൽകാമെന്നതിലും തീരുമാനമെടുക്കണം. പുറമ്പോക്കും റോഡിനോട് ചേർന്ന ഭൂമിയും പതിച്ചു നൽകാൻ അപേക്ഷ സ്വീകരിക്കേണ്ടെന്ന് മരാമത്ത് വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇത്തരം അപേക്ഷകൾക്ക് എൻ.ഒ.സിയും നൽകുന്നില്ല. അതേസമയം കൈവശ ഭൂമിയുടെ അതിർത്തികളിലൂടെ മരാമത്ത് റോഡുള്ളതിനാൽ അപേക്ഷകർക്ക് പട്ടയം ലഭിക്കാത്ത സാഹചര്യവുമുണ്ട്. മരാമത്ത് റോഡിൽ നിന്ന് നിശ്ചിത അകലത്തിലുള്ള ഭൂമിയിലെ കൈവശക്കാർക്ക് പട്ടംയ നൽകുന്നത് പരിശോധിക്കേണ്ടതാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.