സമര പാരമ്പര്യത്തിൽ ഭരണ - പ്രതിപക്ഷ പോര്

Friday 21 March 2025 12:17 AM IST

തിരുവനന്തപുരം: ആശ, അങ്കണവാടി ജീവനക്കാരുടെ സമരത്തോട് അസഹിഷ്ണുതയുള്ള മന്ത്രി വീണാജോർജ്ജ് എത്ര തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തെന്ന് പ്രതിപക്ഷം. ലീഗ് അംഗം നജീബ് കാന്തപുരമാണ് നിയമസഭയിൽ ഇക്കാര്യമുന്നയിച്ചത്. 'എത്രവട്ടം അവർ അറസ്റ്റ് വരിച്ചു. ജയിലിൽ കിടന്നു? സർക്കാരിന്റെ ദുർവാശി കാരണമാണ് സമരം തീരാത്തതെന്നും നജീബ് ആരോപിച്ചു.

എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ അദ്ധ്യക്ഷന്മാരിൽ ഒരു സമരത്തിലെങ്കിലും പങ്കെടുത്ത എത്രപേരുണ്ടെന്ന് മന്ത്രി പി. രാജീവ് തിരിച്ചടിച്ചു. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായത് ഏത് സമരത്തിന്റെ ചൂടറിഞ്ഞാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം വ്യക്തിപരമായ പരാമർശം ഒഴിവാക്കണമെന്നും സമരത്തിൽ പങ്കെടുത്താലേ മന്ത്രിയാകാൻ പാടുള്ളൂവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സ്‌പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. സമരത്തിൽ പങ്കെടുത്ത എത്ര ആളുകളുണ്ടെന്ന് തനിക്ക് ബോദ്ധ്യമുള്ള കാര്യമാണെന്ന് നജീബ് പറഞ്ഞു. ഭരണപക്ഷം ബഹളമുണ്ടാക്കിയതോടെ, ഇത് തന്റെ വാചകമല്ലെന്നും പത്തനംതിട്ടയിലെ സി.പി.എം നേതാവ് എ. പദ്മകുമാർ പറ‌ഞ്ഞതാണെന്നും നജീബ് മയപ്പെടുത്തി. ബഹിരാകാശത്ത് നിന്ന് സുനിതാവില്യംസ് എത്തിയിട്ടും ഭരണപക്ഷം ഇതുവരെ ഭൂമിയിലിറങ്ങിയിട്ടില്ലെന്നും നജീബ് പരിഹസിച്ചു.

ഒരു വിരൽ ചൂണ്ടുമ്പോൾ നാലെണ്ണം തനിക്കു നേരെയെന്ന് ഓർക്കണമെന്ന് മന്ത്രി രാജീവ് പറഞ്ഞു. പ്രതിപക്ഷത്തെ നേതാക്കൾ ഏതെങ്കിലും കനൽ വഴിയിലൂടെ വന്നവരാണോ? സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന് പ്രതിപക്ഷം പരവതാനി വിരിക്കുകണ്. കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാക്കളും ഒരുമിച്ച് സമരപ്പന്തലിലെത്തിയെന്നും അദ്ദേഹം ആരോപിച്ചു.

 ആശ സമരം ന്യായമെന്ന് സതീശൻ

ബി.ജെ.പിയുമായി ഒരുമിച്ചില്ലെന്നും ന്യായമായതു കൊണ്ടാണ് ആശ സമരത്തെ യു.ഡി.എഫ് പിന്തുണതച്ചതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ലത്തീൻ രൂപതയുടെ സമരത്തിനെതിരേ ബി.ജെ.പി ജില്ലാ പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടറിയും ഒന്നിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തു. ആറന്മുള വിമാനത്താവള സമരത്തിൽ കുമ്മനം രാജശേഖരനും എം.എ. ബേബിയും ഒരുമിച്ചായിരുന്നു. പാലക്കാട്ട് നീലട്രോളി വിവാദത്തിൽ വി.വി. രാജേഷും എ.എ. റഹിമും ഒന്നിച്ചു. സമരം പാടില്ലെന്ന നിലപാടെടുത്ത സി.പി.എം മുതലാളിത്ത പാർട്ടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ആശമാരെയും അങ്കണവാടി ജീവനക്കാരെയും ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞത് ബി.ജെ.പിക്കൊപ്പം ചേർന്ന് പ്രതിപക്ഷമാണെന്ന് മന്ത്രി രാജീവ് ആരോപിച്ചു.