തുളസിത്തറയെ അപമാനിക്കൽ: നടപടി വേണമെന്ന് ഹൈക്കോടതി

Friday 21 March 2025 1:12 AM IST

കൊച്ചി: ഗുരുവായൂരിൽ ഒരു സ്ഥാപനത്തിനു സമീപത്തെ തുളസിത്തറയെ അപമാനിച്ച ഹോട്ടൽ ഉടമയായ അബ്ദുൽ ഹക്കീമിനെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇയാൾ മനോരോഗിയാണെന്ന് വീഡിയോദൃശ്യങ്ങളിൽനിന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ല. ഹിന്ദുസമൂഹം പവിത്രമായി കരുതുന്നതാണ് തുളസിത്തറ. ഇയാളുടെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിലയിരുത്തി.

തുളസിയിലേക്ക് ഇയാൾ സ്വകാര്യഭാഗത്തെ രോമങ്ങൾ പിഴുതെറിയുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ആർ. ശ്രീരാജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിർദ്ദേശം. ഹർജിക്കാരൻ നൽകിയ പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
കുറ്റം ചെയ്തയാൾ മനോരോഗിയാണെന്നു പറയുമ്പോഴും ലൈസൻസോടെ ഹോട്ടൽ നടത്തുകയാണ്. ഒരു മനോരോഗിക്ക് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയെന്നും അന്വേഷിക്കണം. കുറ്റവാളിക്കെതിരെ നടപടിയെടുക്കാതെ, വീഡിയോപോസ്റ്റ് ചെയ്തയാൾക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ കോടതി വിമർശിച്ചു. 50,000 രൂപയുടെ ബോണ്ടിന്റെയും തുല്യതുകയുടെ രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.