അറവുശാലയി​ലെ സംസ്കരണ പ്ളാന്റ് ... ഒന്നി​ലും രണ്ടി​ലും പി​ഴച്ചു, കമ്പനി​ക്ക് ഒരവസരം കൂടി​!

Friday 21 March 2025 1:14 AM IST

കൊല്ലം: അഷ്ടമുടിക്കായൽ തീരത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള അറവുശാലയി​ൽ അഞ്ച് വർഷം മുൻപ് സ്ഥാപിച്ച, മാംസാവശി​ഷ്ട സംസ്കരണ പ്ളാന്റ് (എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ) ട്രയൽ റൺ നടത്തി കമ്മിഷൻ ചെയ്യുന്നതി​ന് കരാർ കമ്പനിക്ക് ഒരവസരം കൂടി നൽകാൻ കോർപ്പറേഷൻ തീരുമാനം. പ്ലാന്റ് സ്ഥാപിച്ചതിന് പിന്നാലെ 2019 ജൂലായിൽ നടത്തിയ ആദ്യ ട്രയൽ റൺ​ പാളി​യി​രുന്നു. അറ്റകുറ്റപ്പണികൾ നടത്തി നാല് മാസത്തിന് ശേഷം നടത്തി​യ ട്രയലും പരാജയപ്പെട്ടു.

മൂന്ന് മാസം തുടർച്ചയായി പ്ലാന്റ് ഫലപ്രദമായി പ്രവർത്തിപ്പിച്ചെങ്കി​ൽ മാത്രമേ പൂർണ സജ്ജമായെന്ന് കോർപ്പറേഷൻ കണക്കാക്കുകയുള്ളൂ. ശേഷിക്കുന്ന കരാർ തുകയും ഇതോടെ നൽകും. ട്രയൽ റൺ വീണ്ടും പരാജയപ്പെട്ടാൽ കോർപ്പറേഷന് ഉണ്ടായ നഷ്ടം കമ്പനിയിൽ നിന്ന് ഈടാക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇലക്ട്രോഡുകൾ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുന്ന 'ഇ - കിഡ്' സാങ്കേതികയാണ് പ്ലാന്റി​ലുള്ളത്. മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോൾ പുറത്ത് വരുന്ന സൂക്ഷ്മ ഖര പദാർത്ഥങ്ങൾ ഉൾപ്പെടെയുള്ളവ അടങ്ങിയ ജലമാലിന്യം ആദ്യം പ്ലാന്റിന്റെ ഭൂഗർഭ ടാങ്കിലെത്തും. തുടർന്ന് പമ്പ് ചെയ്ത് തറനിരപ്പിലുള്ള ടാങ്കിലെത്തിക്കുന്നതിനിടെ ജലത്തിൽ നിന്ന് ഖര പദാർത്ഥങ്ങൾ പൂർണമായും വേർതിരിക്കും. ഇവിടെ നിന്ന് മൂന്നാമത്തെ ടാങ്കിലേക്ക് എത്തുന്നതിനിടെ ഇലക്ട്രോഡുകൾ ഉപയോഗിച്ച് മലിനജലം ശുദ്ധീകരിക്കും. അടുത്ത ടാങ്കിലേക്ക് എത്തുമ്പോൾ രക്തവും മറ്റ് ഘടകങ്ങളും അടങ്ങിയ ജലം പൂർണമായും ശുദ്ധമാകും. ഇത് പ്ലാന്റിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഖരമാലിന്യം പ്ലാന്റിൽത്തന്നെ സംസ്കരിച്ച് വളമാക്കി വിൽക്കാം.

..................................

 കരാർ തുക 29.50 ലക്ഷം  കമ്പനിക്ക് നൽകിയത് 25.21 ലക്ഷം

...............................

കോർപ്പറേഷന് നഷ്ടം 4.60 കോടി

2018 ജൂലായിലാണ് പ്രദേശവാസികൾ നൽകിയ ഹർജിയിൽ അറവുശാല അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ആ സാമ്പത്തിക വർഷം 56.25 ലക്ഷം രൂപയാണ് അറവുശാലയുമായി​ ബന്ധപ്പെട്ട് ഉറപ്പിച്ചിരുന്ന ലേലത്തുക. ആറ് ഇറച്ചിസ്റ്റാളുകൾ എട്ട് ലക്ഷം രൂപയ്ക്കും ആ വർഷം ലേലം പോയിരുന്നു. അതിന് ശേഷം അറവുശാലയും സ്റ്റോളുകളും ലേലം ചെയ്യാനായിട്ടില്ല. ഇതിലൂടെ 4.60 കോടിയുടെ നഷ്ടമാണ് കോർപ്പറേഷന് ഇതുവരെ ഉണ്ടായിരിക്കുന്നത്.