ജി.എസ്.ടി ഉദ്യോഗസ്ഥർ രേഖകൾ കാണിക്കണം

Friday 21 March 2025 2:15 AM IST

തിരുവനന്തപുരം: കച്ചവട സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തുന്ന ജി.എസ്.ടി ഉദ്യോഗസ്ഥർ, പരിശോധനയ്ക്ക് മുമ്പും ശേഷവും ബന്ധപ്പെട്ട രേഖകൾ വ്യാപാരിയെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധന നടത്തേണ്ട സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഔദ്യോഗിക രേഖയിലുണ്ടാവണം. ഇതുസംബന്ധിച്ച് ഭാവിയിൽ വ്യാപാരിക്ക് സംശയമുണ്ടായാൽ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകുകയോ വിവരാവകാശ നിയമ പ്രകാരം നൽകുകയോ വേണം. 30 ദിവസം കഴിഞ്ഞാൽ രേഖകൾ സൗജന്യമായി നൽകണമെന്നും വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൾ ഹക്കീം ഉത്തരവിട്ടു.

കൊല്ലം ചാമക്കട ബേബി സ്റ്റോറിന്റെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടത് കൊട്ടാരക്കര ജി.എസ്.ടി ഇന്റലിജൻസും എൻഫോഴ്സ്മെന്റും നിരസിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് കമ്മിഷൻ നടപടി. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വാദം.