ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Friday 21 March 2025 1:15 AM IST
കത്തി നശിച്ച കാർ

ചടയമംഗലം: ഓടിക്കൊണ്ടിരിക്കെ കത്തിയമർന്ന കാറിൽ നിന്ന് ഒരു കുട്ടിയടക്കം അഞ്ചുപേർ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു, ആർക്കും പരിക്കില്ല.

ബുധനാഴ്ച അർദ്ധരാത്രി എം.സി റോഡിൽ ചടയമംഗലം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. മീയണ്ണൂർ സ്വദേശി മനോജും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ചടയമംഗലം ഭാഗത്ത് നിന്ന് മീയണ്ണൂരിലേക്ക് വരുന്നതിനിടെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാർ ഒതുക്കി എല്ലാവരും പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ കാറിലേക്ക് തീ പടർന്നു. ഓടിക്കൂടിയ നാട്ടുകാർ തീകെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് എത്തി അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചു. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മണിക്കൂറോളം എം.സി റോ‌ഡിൽ ഗതാഗതം തടസപ്പെട്ടു. ഹുണ്ടായ് ഐ 20 മോഡൽ കാറാണ് കത്തിയത്. കാരണം വ്യക്തമല്ല.