കൗൺസലിംഗ് നൽകാൻ ആളില്ലാതെ സ്കൂളുകൾ

Friday 21 March 2025 1:17 AM IST

കൊല്ലം: കുട്ടി​കളി​ലെ മാനസി​ക സംഘർഷങ്ങൾക്ക് പരി​ഹാരം കണ്ടെത്താൻ സ്കൂളുകളി​ൽ വേണ്ടത്ര കൗൺ​സലർമാരി​ല്ലാത്തത് പ്രതി​സന്ധി​യാവുന്നു. ജി​ല്ലയി​ൽ ആകെയുള്ള 951 സ്കൂളുകളി​ൽ ചുരുക്കം ചി​ല സർക്കാർ സ്കൂളുകളിൽ മാത്രമാണ് നിലവിൽ ഒരു കൗൺ​സി​ലറുടെ വീതം സേവനം ലഭിക്കുന്നത്.

2008ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ കിഷോരി ശക്തി യോജനയുടെ ഭാ​ഗമായിട്ടാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് വിദ്യാർത്ഥികൾക്കായി സൈക്കോ സോഷ്യൽ സേവനം ആരംഭിച്ചത്. കേന്ദ്രം പിന്നീട് പദ്ധതി നിറുത്തിയെങ്കിലും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. എന്നാൽ ഇത് എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സ്കൂൾ, കുടുംബം, സമൂഹം, സുഹൃത്തുക്കൾ എന്നീ വി​ഭാഗങ്ങളി​ൽ നിന്ന് കുട്ടികൾ നേരിടുന്ന സമ്മർദ്ദം അവരെ ആത്മഹത്യ, ലഹരിമരുന്ന് ഉപയോ​ഗം, മാനസികാരോ​ഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് തള്ളിവി​ടുന്നു. സ്കൂളുകളിൽ നിന്നുള്ള പിന്തുണയുടെ അഭാവം വിദ്യാർത്ഥികളെ ബാധി​ക്കുന്നുവെന്നും അദ്ധ്യാപകർക്ക് ജോലി​ഭാരത്തി​നി​ടെ ഈ വി​ഷയങ്ങൾ വേണ്ടവി​ധം കൈകാര്യം ചെയ്യാൻ കഴി​യുന്നി​ല്ലെന്നും ബോദ്ധ്യപ്പെട്ടതി​ന്റെ അടി​സ്ഥാനത്തി​ലാണ് കൗൺ​സലർമാരെ നി​യോഗി​ക്കാൻ തീരുമാനി​ച്ചത്.

കൗൺസലർമാരുട‌െ ചുമതലകൾ

 സാമൂഹിക വെല്ലുവിളികൾ നന്നായി മനസിലാക്കാനും മറികടക്കാനും കുട്ടികളെ പ്രാപ്തരാക്കുക

 കൗൺസലിംഗ് സെഷനുകളിൽ വിവരങ്ങൾ ശേഖരിക്കുക, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക

 അക്കാഡമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന പെരുമാറ്റ പ്രശ്നങ്ങൾ വിലയിരുത്തുക

 ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യുക

 വിദ്യാർത്ഥികളെ ശരിയായ ഉറവിടങ്ങളിലേക്ക് റഫർ ചെയ്യുക

 അവരിലെ ഉത്കണ്ഠയും ആശങ്കയുമെല്ലാം വേണ്ട രീതിയിൽ പരിഗണിക്കുക

 വളർച്ചയെയും വികാസത്തെയും ബാധിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുക

ജില്ലയിൽ

ആകെ സ്കൂളുകൾ-951

സർക്കാർ സ്കൂളുകൾ-429

എയ്ഡഡ് സ്കൂളുകൾ-439

അൺ എയ്ഡഡ് സ്കൂളുകൾ-83

ജില്ലയിൽ സ്കൂൾ കൗൺസലർമാരുടെ എണ്ണം-87

കുട്ടികളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം നിലനിറുത്തേണ്ടത് നിർണായകമാണ്. എല്ലാ സ്കൂളുകളിലും വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ കൗൺസലിംഗ് നിർബന്ധമാക്കണം.

ഐപ്പ് വർഗീസ്, എച്ച്.ഒ.ഡി,

സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ബി.സി.എം കോളേജ്