ഭൂമിയുടെ നെഗോഷ്യബിൾ പർച്ചേസ്: പുതിയ നിയമം ആലോചനയിൽ
Friday 21 March 2025 1:24 AM IST
തിരുവനന്തപുരം : ഭൂമിയുടെ നെഗോഷ്യബിൾ പർച്ചേസിനായി പുതിയ നിയമം കൊണ്ടുവരുന്നത് ആലോചിക്കുന്നതായി മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഭൂമിയേറ്റെടുക്കലിനുള്ള 2013ലെ എൽ.എ.ആർ.ആർ നിയമം വന്നതോടെ ഭൂമിയുടെ നെഗോഷ്യബിൾ പർച്ചേസ് പലകാരണങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. എൽ.എ.ആർ.ആർ നിയമത്തിലെ വകുപ്പ് 108 പ്രകാരം പൂർണമായും വില നിശ്ചയിച്ച ശേഷം അതിനെക്കാൾ കൂടുതൽ വില കൊടുക്കാൻ കഴിയുന്ന കേസുകളിൽ മാത്രമേ നെഗോഷ്യബിൾ പർച്ചേസ് നടക്കൂ. ഭൂഉടമകൾ സമ്മതിക്കുന്ന പക്ഷം മതിയായ ഭൂരേഖകൾ ലഭ്യമാണെങ്കിൽ നെഗോഷ്യേഷൻ മുഖേന ഭൂമിയേറ്റെടുക്കാനുള്ള നടപടിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിയമപ്രകാരം നെഗോഷ്യബിൾ പർച്ചേസ് വഴി ഭൂമിയേറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമം കൊണ്ടുവരാൻ ആലോചിക്കുന്നത്.