ജപ്പാൻ ഫസ്റ്റേ
ടോക്യോ: 2026 ലെ ഫുട്ബോൾ ലോകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായ ജപ്പാൻ. ഏഷ്യൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ മൂന്നാം റൗണ്ട് ഗ്രൂപ്പ് സിയിൽ ഇന്നലെ ബഹ്റൈനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കയാണ് ജപ്പാൻ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ 66-ാം മിനിട്ടിൽ ഡിയാഷി കമാഡയും 87-ാം മിനിട്ടിൽ തക്കേഫുസ കുബോയുമാണ് ജപ്പാനായി സ്കോർ ചെയ്തത്. ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തിൽ ഓസ്ട്രേലിയ 5-1ന് ഇന്തോനേഷ്യയെ കീഴടക്കിയതോടെ ബഹ്റൈനെതിരെ സമനിലയ നേടിയാൽപ്പോലും ജപ്പാന് ലോകകപ്പ് യോഗ്യത ഉറപ്പിക്കാമായിരുന്നു. എന്നാൽ അറുപതിനായിരത്തോളം വരുന്ന ആരാധകരുടെ മുന്നിൽ ജയിച്ച് തന്നെ ജപ്പാൻ ലോകകപ്പ് ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് സിയിൽ തോൽവി അറിയാെയാണ് ജപ്പാന്റെ കുതിപ്പ്. കളിച്ച 7 മത്സരങ്ങളിൽ നിന്ന് 6 ജയവും 1 സമനിലയും ഉൾപ്പെടെ 19 പോയിന്റാണ് ജപ്പാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഉള്ളത് 10 പോയിന്റും.
യു.എസു കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. തുടർച്ചയായ എട്ടാം ഫുട്ബോൾ ലോകകപ്പിനാണ് ജപ്പാൻ യോഗ്യത നേടിയിരിക്കുന്നത്.
അർജന്റീനയും ബ്രസീലും കളത്തിൽ
റിയോ ഡി ജനീറോ: ലാറ്റിനമേരിക്കയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പോരാട്ടങ്ങളായ ബ്രസീലും അർജന്റീനയും കളത്തിലിറങ്ങുന്നു, ഇന്ന് ഇന്ത്യൻ സമയം രാവിലെ 6.30ന് തുടങ്ങുന്നമത്സരത്തിൽ ബ്രസീൽ കൊളംബിയയെ നേരിടും. സൂപ്പർ താരം നെയ്മറുടെ അഭാവത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്. വിനീഷ്യസും എൻഡ്രിക്കും റോഡ്രിഗോയുമെല്ലാം ബ്രസീൽ നിരയിലുണ്ട്. 12 മത്സരത്തഇൽ നിന്ന് 18 പോയിന്റുമായി5-ാം സ്ഥാനത്തുള്ള ബ്രസീലിന് ജയം അത്യാവശ്യമാണ്. കൊളംബിയ 19 പോയിന്റുമായി 4-ാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ പരാഗ്വെയും ചിലിയും പെറുവും ബൊളീവിയയും തമ്മിലും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന നാളെ ഇന്ത്യൻ സമയം രാവിലെ 5ന് തുടങ്ങുന്ന എവേ മത്സരത്തിൽ ഉറുഗ്വെയാണ് നേരിടുന്നത്. ഇതിഹാസ താരം ലയണൽ മെസിയില്ലാതെയാണ് അർജന്റീന ഇറങ്ങുന്നത്. 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീനയാണ് പോയിന്റഅ ടേബിളിൽ ഒന്നാമത്. 20 പോയിന്റുമായി ഉറുഗ്വെ രണ്ടാമതാണ്.