'ചേച്ചിയിൽ നിന്നും പ്രണയം മറച്ചുവച്ചു, 21-ാം വയസിൽ പറ്റിയത് വലിയ തെറ്റ്'; വിവാഹബന്ധം തകർന്നതിനെക്കുറിച്ച് പാർവതി

Friday 21 March 2025 12:56 PM IST

സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പാ‌ർവതി വിജയ്. നടി മൃദുല വിജയിയുടെ സഹോദരിയാണ് പാർവതി. സീരിയൽ ക്യാമറമാൻ അരുണുമായി പ്രണയവിവാഹം കഴിഞ്ഞ പാർവതിയുടെ വിവാഹനമോചനത്തെക്കുറിച്ചുളള വിവരങ്ങൾ ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. കഴിഞ്ഞ 11 മാസമായി താനും ഭർത്താവും വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. അതിനെ തുടർന്ന് പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുളള പ്രതികരണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് താരം മനസ് തുറന്നിരിക്കുകയാണ്.

'പ്രമുഖ സീരിയലിൽ നല്ലൊരു വേഷം ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു വിവാഹം. അതിനുശേഷം അഭിനയിച്ചില്ല. അന്ന് വിവാഹം കഴിഞ്ഞിരുന്നില്ലെങ്കിൽ ഇപ്പോൾ അഭിനയരംഗത്ത് നല്ലൊരു സ്ഥാനത്ത് എത്താമായിരുന്നു. ചേച്ചി കാരണമാണ് സീരിയലിൽ എത്തിയത്. മൂന്ന് മാസത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഈ ബന്ധം അധിക നാൾ മുന്നോട്ട് പോകില്ലെന്ന് പലരും പറഞ്ഞിരുന്നു. അതുപോലെയാണ് സംഭവിച്ചത്.പ്രണയിച്ച് നല്ലതുപോലെ ജീവിക്കുന്നവരും അത് തകരുന്നവരും ഉണ്ട്. ഒരു തീരുമാനം എടുക്കുമ്പോൾ ഒരുപാട് ആലോചിക്കുക. വിവാഹം കഴിക്കുന്ന കാര്യം ഏറെ അടുപ്പമുളള ചേച്ചിയോട് പോലും പറഞ്ഞിരുന്നില്ല. ഓരോ പ്രായത്തിലും തെ​റ്റ് സംഭവിക്കാം.

എനിക്ക് 21-ാം വയസിലാണ് തെറ്റ് പറ്റിയത്. കല്യാണശേഷം ചേച്ചി എന്നോട് സംസാരിക്കാൻ കുറച്ച് സമയമെടുത്തു. ഈ ഒരു തീരുമാനം എടുത്തതിൽ സന്തോഷവതിയാണ്. ഞാൻ തെ​റ്റ് ചെയ്തിട്ടും എന്റെ കുടുംബം ഇപ്പോഴും പൂർണപിന്തുണയുമായി നിൽക്കുന്നുണ്ട്. അതിൽ ഞാൻ ഭാഗ്യം ചെയ്തിട്ടുണ്ട്. പല കാര്യങ്ങളിലും അഡ്ജസ്​റ്റ് ചെയ്താലേ വിവാഹം മുന്നോട്ട് പോകാൻ പ​റ്റുളളൂ. അതിന് സാധിക്കാതെ വരുമ്പോഴാണ് വിവാഹമോചനം ഉണ്ടാകുന്നത്.എന്റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു ഇറങ്ങിപ്പോയത്. അതാണ് ഇപ്പോഴും ഏറ്റവും വലിയ സങ്കടം. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. അരുൺ എന്റെ ഭർത്താവായിരുന്നു. എന്റെ കുഞ്ഞിന്റെ അച്ഛനാണ്. വിഷമമുണ്ട്, കുഞ്ഞിന് വേണ്ടി എല്ലാം മാറ്റിവച്ചു. ലൈഫ് മുന്നോട്ടു പോകുകയാണ്. അത് അടഞ്ഞ അദ്ധ്യായമാണ്. അത് അടച്ചുകഴിഞ്ഞു, ഇനിയത് തുറക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല'- പാർവതി പറഞ്ഞു.