ആർസിബി ‌ജഴ്‌സിയിൽ നിൽക്കുന്ന കൊഹ്‌ലിയുടെ കൈയിലെ ആ വാച്ച് കണ്ടോ?​ വിലയറിഞ്ഞാൽ ആരും ഞെട്ടും

Friday 21 March 2025 3:53 PM IST

ഹൈ എൻഡ് വാച്ചുകളോട് ഇന്ത്യൻ സൂപ്പർ താരം കിംഗ് കൊഹ്‌ലിയ്‌ക്ക് ഉള്ള ഇഷ്‌ടം വളരെ പ്രശസ്‌തമാണ്. മത്സരത്തിനിടെ കാണാനാകില്ലെങ്കിലും മത്സര ശേഷവും പൊതുഇടങ്ങളിലും വിലയേറിയ വാച്ചുകൾ ധരിച്ച് കൊഹ്‌ലി പ്രത്യക്ഷപ്പെടാറുണ്ട്. ഏതൊരാളും കൊതിക്കുന്ന, ഇഷ്‌ടപ്പെടുന്ന മോഡൽ വാച്ചുകളുടെ ഒരു വൻ കളക്ഷൻ തന്നെ കൊഹ്‌ലിയ്‌ക്കുണ്ട്.

ഐപിഎൽ 18-ാം സീസൺ നാളെ ആരംഭിക്കാനിരിക്കെ കൊഹ്‌ലിയെ ആർ‌സിബി ജഴ്‌സിയിൽ കൊൽക്കത്തയിൽ കണ്ടപ്പോൾ ഫാഷ‌ൻ പ്രേമികൾ ഏവരും ശ്രദ്ധിച്ചത് കൊഹ്‌ലി ധരിച്ച റോളക്‌സിന്റെ വാച്ചാണ്. റോളക്‌സിന്റെ ഡേറ്റോണ കളക്ഷനിൽ പെട്ടതാണ് ആ വാച്ച്.സങ്കീർണവും മികവാർന്നതുമായ ഡിസൈനാണ് അതിനുള്ളത്. 18 കാരറ്റ് സ്വർണത്തിൽ തീർത്തതാണ് ഈ റോളക്‌സ് വാച്ച്.

ക്ളാസിക് ഡേറ്റോണയുടെ 4131 പതിപ്പിന്റെ മെച്ചപ്പെടുത്തിയ വിഭാഗമായ 4132 മൂവ്മെന്റിൽ പോൾ ന്യൂമാൻ സബ്‌ഡയലുകൾ ചേർന്നതാണ് ഇതിന്റെ ഡയൽ. സ്‌ക്രാച്ച് റെസിസ്‌റ്റന്റ് സഫയർ ക്രിസ്‌റ്റൽ, ട്രിപ്പിൾ വാട്ടർപ്രൂഫ് പരിരക്ഷ, തിളക്കമാർന്ന മാർക്കറുകളുള്ള കറുപ്പും വെളുപ്പും ‌ഡയലുകൾ എന്നിവ ഇതിന്റ പ്രത്യേകതയാണ്. ആഡംബര വാച്ചുകളുടെ ഓൺലൈൻ വ്യാപാര വിൽപന സൈറ്റായ ക്രോണോ 24 പ്രകാരം റോളക്‌സ് ഡേറ്റോണയുടെ വില 2.49 കോടിരൂപയാണ്.

സ്‌പോർട്‌സ് താരങ്ങൾക്കും ബിസിനസ് മേഖലയിലുള്ളവർക്കും റോളക്‌സ് പൊതുവിൽ ഇഷ്‌ടമാണ്. മുൻ ഇംഗ്ളീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബക്കാമിന് സ്കൈ ഡ്വെല്ലർ മോഡലാണ് ഉള്ളത്. നിത അംബാനിയ്‌ക്ക് റോളക്‌സ് ഡേ ഡേറ്റ് 18 കാരറ്റ് സ്വർണവാച്ചാണ് ധരിക്കുന്നത്. 1.05 കോടി രൂപയാണ് ഇതിന്റെ വില. നടൻ ഷാരൂഖ് ഖാന് റോളക്‌സ് ഓയ്‌സ്റ്റർ പെർപെക്‌ച്വൽ സെലിബ്രേഷനാണ് താൽപര്യം. അതേസമയം നടൻ ധനുഷിന് 1.35 കോടിയുടെ വൈറ്റ് ഗോൾഡ് വേരിയന്റാണ് ഇഷ്‌ടം.