പഞ്ചാബിലെ സഹകരണ ബാങ്ക് സംഘം കേരള ബാങ്കിൽ
Saturday 22 March 2025 12:29 AM IST
കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് രൂപീകരിച്ച കേരള ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുന്നതിനായി പഞ്ചാബിലെ സഹകരണ ബാങ്കുകളുടെ പ്രത്യേക സംഘമെത്തി. പഞ്ചാബ് സഹകരണ ബാങ്കുകളുടെ ചെയർമാൻ ജഗ്‍ദേവ് സിംഗിന്റെ നേതൃത്വത്തിലുള്ള 13-അംഗ സംഘമാണ് കേരള ബാങ്കിലെത്തിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർ റോയ് എബ്രഹാം, ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ എന്നിവരുമായി പഞ്ചാബ് സംഘം ചർച്ച നടത്തി. രാജ്യത്ത് ആദ്യമായി 50,000 കോടി രൂപ മൊത്തം വായ്പ ബാക്കിനിൽപ്പുള്ള സംസ്ഥാന ബാങ്കായ കേരള ബാങ്കിന്റെ നേട്ടത്തെ പഞ്ചാബ് സംഘം അഭിനന്ദിച്ചു. ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്, നന്ദിയോട് സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു.