മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ ഡാം പരിശോധിക്കും

Saturday 22 March 2025 4:45 AM IST

കുമളി: എട്ടു മാസങ്ങൾക്ക് ശേഷം മുല്ലപ്പെരിയാർ മേൽനോട്ടസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. ദേശീയ അണക്കെട്ട് സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയാണ് പരിശോധന നടത്തുന്നത്. സംഘത്തിൽ രണ്ട് കേരള പ്രതിനിധികളും രണ്ട് തമിഴ്നാട് പ്രതിനിധികളുമുണ്ട്. രാവിലെ 10ന് അണക്കെട്ട് പരിശോധിച്ചതിനുശേഷം ഉച്ചയ്ക്ക് മൂന്നിന് വലിയ കണ്ടത്തുള്ള മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരും.

അതിനിടെ, മേൽനോട്ട സമിതിയുടെ സന്ദർശനത്തിൽ നിന്നും കേരളത്തിലെ പ്രതിനിധികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പെരിയാർവൈഗ ഇറിഗേഷൻ കർഷക അസോസിയേഷന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ റോഡ് ഉപരോധിച്ചു. കുമളിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ നിന്നും കേരള പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നീക്കണമെന്നും ആവശ്യപ്പെട്ടു.