അകത്തൂട്ട്മുക്ക് - മഠത്തിൽമുക്ക് റോഡിൽ ദുരിതയാത്രയ്ക്ക് 2 വയസ്!

Saturday 22 March 2025 12:02 AM IST
സഞ്ചാര യോഗ്യമല്ലാതായ അകത്തൂട്ട് മുക്ക് -മഠത്തിൽ മുക്ക് റോഡ്

കുലശേഖരപുരം : അകത്തൂട്ട് മുക്ക് - മഠത്തിൽമുക്ക് റോ‌ഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് പരിഹാരമില്ലാതെ രണ്ട് വർഷം പിന്നിടുന്നു. കുലശേഖരപുരം പഞ്ചായത്ത് 19 ാം വാ‌ർഡിലെ വാഹനത്തിരക്കേറിയ റോഡിലാണ് കാൽനട പോലും കഠിനമാകുന്നത്. മുൻവർഷത്തെ കരാറുകാരൻ വൻ നഷ്‌‌ടമുണ്ടാകുമെന്ന ആശങ്കയിൽ പണി ഉപേക്ഷിച്ച് പോയ ശേഷം ഒരു മാറ്റവുമില്ലാതെ ഒരേ കിടപ്പിലാണ് റോഡ്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ പണി ആരംഭിക്കുമെന്ന് പ്രതീക്ഷിച്ച പ്രദേശവാസികൾ കടുത്ത നിരാശയിലായി.

അയ്യൻകോയിക്കൽ ശ്രീമഹാവിഷ്‌ണു ക്ഷേത്രം,മേജർ ശക്തികുളങ്ങര ദേവി ക്ഷേത്രം,ശക്തികുളങ്ങര ഗവ. യു .പി എസ് എന്നിവടങ്ങളിലേക്കുള്ള തിരക്കും മറ്റ് പ്രദേശങ്ങളിലെ സ്‌കൂൾ വാഹനങ്ങളുടെ തിരക്കും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു.വീടിന് മുന്നിൽ നിന്ന് കുട്ടികളെ കൂട്ടികൊണ്ട് പോയ സ്‌കൂൾട്രിപ്പ് വാഹനങ്ങൾ ഇപ്പോൾ ഇത് വഴിയുള്ള റൂട്ട് മാറ്റി. അതോടെ കുട്ടികളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായി.

ഈ റൂട്ടിൽ ഓട്ടോറിക്ഷ സവാരിക്ക് വരാറില്ല.രാഷ്‌ട്രീയ വിവേചനം വികസനത്തിന് തടസമാകരുത്. വൈകിയെങ്കിലും വാർഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും മെച്ചപ്പെട്ട നിലവാരത്തിൽ റോഡ് നവീകരിക്കുമെന്നാണ് പ്രതീക്ഷ.അമൃതപുരി - പുതിയകാവ് - തെങ്കാശി പാതയുടെ ഭാഗമായതിനാൽ ഏറെ തന്ത്രപ്രധാനമാണ് ഈ റൂട്ട്.

ഹരിഗോപിനാഥ്

എക്‌സിക്യൂട്ടീവ് മെമ്പർ

എസ്.എൻ. ഡി. പി യോഗം ആദിനാട് തെക്ക് 6092 ാം നമ്പർ ശാഖ.