'പാമ്പുകളെ പേടിയാണോ നിങ്ങൾക്ക്? എനിക്കും അങ്ങനെയായിരുന്നു, പക്ഷേ'

Saturday 22 March 2025 11:53 AM IST

ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി നടൻ ടൊവിനോ തോമസ്. വനംവകുപ്പിന്റെ 'സർപ്പ' പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണ് പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം മൂർഖനെ പിടികൂടിയത്. ഇതിന്റെ വീ‌ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'പാമ്പുകളെ പേടിയാണോ നിങ്ങൾക്ക്? എനിക്കും അങ്ങനെയായിരുന്നു. പക്ഷേ കേരളത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടയ്ക്ക് പാമ്പ് കടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. അതിനൊരു കാരണമുണ്ട്. കേരളത്തിൽ വനംവകുപ്പിന്റെ വിദഗ്ദ പരിശീലനം നേടിയ മൂവായിരത്തോളം പേരുണ്ട്. അവർ സുരക്ഷിതമായി പാമ്പുകളെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവർത്തനത്തിനായി നിങ്ങൾക്ക് ഇവരെ സമീപിക്കാം. വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഇവരുടെ സേവനം ഏത് സമയവും ഉപയോഗിക്കാം. ഇനി പാമ്പ് എന്ന പേടി വേണ്ട, സർപ്പ ഉണ്ടല്ലോ'- ടൊവിനോ പറഞ്ഞു.


പാമ്പ് കടിയേറ്റുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമെന്നോണമാണ് വനംവകുപ്പ് 'സർപ്പ‘ മൊബൈൽ ആപ്ലിക്കേഷൻ (സ്‌നേക്ക്‌ അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) പുറത്തിറക്കിയത്. പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം പകർത്തി ആപ്പിൽ അപ്പ് ലോഡ് ചെയ്താൽ പരിശീലനം ലഭിച്ച ടീമിന് സന്ദേശം എത്തുകയും ജി.പി.എസ് സഹായത്തോടെ കൃത്യമായ സ്ഥലം കണ്ടെത്തുകയും ചെയ്യും. സന്ദേശം വന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ച് റെസ്ക്യൂവർ സ്ഥലത്തെത്തും. പാമ്പിനെ പിടികൂടുന്നത് മുതൽ വിട്ടയയ്ക്കുന്നതുവരെയുള്ള പ്രവർത്തനം ആപ്പിലൂടെ അറിയാൻ സാധിക്കും. പാമ്പുകളെ പിടികൂടി അവയുടെ ആവാസ വ്യവസ്ഥയിൽ കൊണ്ടു പോയിടുന്നതിന് പരിശീലനം ലഭിച്ച ഒട്ടേറെ വോളണ്ടിയർമാരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.