'രാജ്യത്തിനുവേണ്ടി  ത്യാഗം  ചെയ്തയാളാണ്  സവർക്കർ'; എസ്‌എഫ്‌ഐ ബാനറിൽ അതൃപ്‌‌തി പ്രകടമാക്കി ഗവർണർ

Saturday 22 March 2025 2:32 PM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ എസ്‌എഫ്‌ഐ ബാനറിൽ അതൃപ്‌തി പ്രകടമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രു ആകുന്നതെന്ന് ഗവർണർ ചോദിച്ചു. 'വീ നീഡ് ചാൻസലർ നോ സവർക്കർ' (നമുക്ക് വേണ്ടത് ചാൻസലറെയാണ്, സവർക്കറെയല്ല) എന്ന എസ്‌എഫ്‌ഐ ബാനറിലാണ് ഗവർണറുടെ പ്രതികരണം.

'സർവകലാശാലയിലേയ്ക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു. ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത്, സവർക്കറെ അല്ല എന്നായിരുന്നു ബാനർ. എന്തു ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രു ആകുന്നത്? സവർക്കർ എന്താണ് ചെയ്തത്? ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാവും. രാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്തയാളാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ അല്ല മറിച്ച് സമൂഹത്തെക്കുറിച്ചാണ് അദ്ദേഹം എല്ലാകാലത്തും ചിന്തിച്ചത്'-ഗവർണർ പറഞ്ഞു.

ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെയാണ് ക്യാമ്പസിൽ എത്തുന്നതെന്ന് ശ്രദ്ധിക്കണമെന്ന് വൈസ് ചാൻസലർക്ക് അദ്ദേഹം നിർദേശവും നൽകി. ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കൂ. തൊഴിൽ ദാതാക്കളെ സൃഷ്ടിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സേ നോ ടു ഡ്രഗ്‌സ്' എന്ന മേൽവസ്ത്രം ധരിച്ചായിരുന്നു ഗവർണർ സർവകലാശാലയിൽ എത്തിയത്. ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പമാണ്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നല്ല ഭാവിക്കായി യുവാക്കളെ ലഹരിയിൽ നിന്ന് രക്ഷിക്കേണ്ടതുണ്ട്. അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.