രണ്ടാഴ്‌ച മുൻപ് അവധിക്ക് നാട്ടിലെത്തി, ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി അപകടത്തിൽ മരിച്ചു

Saturday 22 March 2025 5:01 PM IST

പത്തനംതിട്ട: കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. എംസി റോഡിൽ പന്തളം തോന്നല്ലൂർ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടിൽ എൽദോസ് ബി വർഗീസിന്റെ ഭാര്യ ലീനു എൽദോസ് (35) ആണ് മരിച്ചത്.

തൊടുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. തിങ്കളാഴ്‌ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാൻ ഭ‌ർത്താവുമൊത്ത് ലീനു പട്ടാഴിയിലെ കുടുംബ വീട്ടിലേയ്ക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. സ്‌കൂട്ടറിനെ മറികടന്നുവന്ന ബസിന്റെ പിൻഭാഗം തട്ടി ലീനു ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു.

അപകടത്തിന് പിന്നാലെ ലീനുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ എൽദോസിന് നിസാര പരിക്കേറ്റു. മസ്‌കറ്റിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്‌ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. പട്ടാഴി മീനം സ്വാമി നഗറിൽ സായകത്തിൽ ജയകുമാറിന്റെയും ലീലാമണിയുടെയും മകളാണ് ലീനു.