പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

Sunday 23 March 2025 4:43 AM IST

തിരുവനന്തപുരം: കഥാപ്രസംഗ കലയെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കാഥികൻ അയിലം ഉണ്ണികൃഷ്ണൻ (73 ) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മൂന്നോടെ ആയിരുന്നു അന്ത്യം. മൃതദേഹംചൊവ്വാഴ്ച രാവിലെ 10 മുതൽ ഭാരത് ഭവനിലും 11.30 മുതൽ 3 മണി വരെ സ്വവസതിയായ പാങ്ങപ്പാറ നിഷാ നിവാസിലും പൊതുദർശനത്തിനു വയ്ക്കും. 4.30ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കാരം. തോന്നയ്ക്കൽ കുമാരനാശാൻ സ്‌മാരകം സെക്രട്ടറി, കേരള ഡ്രാമവർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്,സംഗീത നാടക അക്കാഡമി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആറ്റിങ്ങൽ അയിലം സ്വദേശിയാണ്.ബിരുദത്തിന് പഠിക്കുമ്പോൾ 19 ാം വയസ്സിൽ ആദ്യകഥാപ്രസംഗവുമായി വേദിയിലെത്തി.

കഥാപ്രസംഗം നാടകത്തിന് വഴിമാറിയപ്പോൾ ആ രംഗത്തേക്കും ചുവടൂന്നി. അതുല്യ,അഹല്യ എന്നീ നാടകസമിതികളിലൂടെ 42 നാടകങ്ങൾ അവതരിപ്പിച്ചു.സീരിയൽ രംഗത്തും സജീവമായിരുന്നു.

ഭാര്യ: സന്താനവല്ലി. മക്കൾ: രാജേഷ്‌കൃഷ്ണ (ചെമ്പഴന്തി സർവീസ് സഹകരണബാങ്ക് ഉദ്യോഗസ്ഥൻ), രാകേഷ്‌കൃഷ്ണ (ലണ്ടനിൽ ഉദ്യോഗസ്ഥൻ). മരുമകൾ:ദേവി രാകേഷ്.