പാർട്ടി കോൺഗ്രസ് , സി.പി.എം കരട് സംഘടനാ റിപ്പോർട്ട് ഇന്ന് അന്തിമമാക്കും

Sunday 23 March 2025 12:09 AM IST

ന്യൂഡൽഹി: മധുര പാർട്ടി കോൺഗ്രസിലേക്കുള്ള കരട് സംഘടനാ റിപ്പോർട്ട് ഡൽഹിയിൽ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അംഗീകരിക്കും. പ്രായപരിധി കർശനമാക്കുന്നതിന്റെ ഭാഗമായി പൊളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്രകമ്മിറ്റിയിൽ നിന്നും മാറേണ്ടിവരുന്ന നേതാക്കൾക്ക് മറ്റു ചുമതലകൾ നൽകുന്നതും ചർച്ചയിലുണ്ട്.

ഒരാഴ്‌ച മുമ്പു ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം അംഗീകാരം നൽകിയ ശേഷമാണ് കരട് റിപ്പോർട്ട് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വന്നത്. പ്രായപരിധി കഴിഞ്ഞതിനാൽ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുന്ന മുതിർന്ന നേതാക്കൾക്ക് വർഗ ബഹുജന സംഘടനകളുടെയും പാർട്ടി സ്ഥാപനങ്ങളുടെയും ചുമതല നൽകും. മണ്ഡല പുന:നിർണയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിൽ പോയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നില്ല. ഇന്നത്തെ ചർച്ചയിലും ഉണ്ടാകില്ലെന്നാണ് സൂചന. ഒരാഴ്‌ച മുൻപ് കരട് ചർച്ച ചെയ്‌ത പി.ബി യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

പി.ബി അംഗങ്ങൾക്ക്

ഇളവില്ല: ഗോവിന്ദൻ

പി.ബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവർത്തിച്ചു. ഒഴിയേണ്ടി വരുന്നവർക്ക് പാർട്ടി അർഹമായ ചുമതല നൽകുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു.