തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലേക്ക് മുന്നണികൾ

Sunday 23 March 2025 12:14 AM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കൽ യജ്ഞത്തിലേക്ക് സംസ്ഥാനത്തെ മൂന്ന് മുന്നണികളും കടന്നു. പരോക്ഷ പ്രചാരണത്തിന്റെ ഭാഗമായി ജനസമ്പർക്കമാണ് ആദ്യഘട്ടം.

കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതും സർക്കാരിന്റെ നാലാം വാർഷികവും ഇതിനുള്ള അവസരമായി സി.പി.എമ്മും ഇടതു മുന്നണിയും കാണുന്നു.വാർഡ്തലത്തിൽ കുടുംബ സംഗമങ്ങൾ നടത്തിയാണ് കോൺഗ്രസ് ജനബന്ധം ശക്തമാക്കുന്നത്. ബി.ജെ.പി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ജില്ലാ, മണ്ഡലം തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.

മാർച്ച് 31 ന് സംസ്ഥാനം മാലിന്യമുക്തമായി സർക്കാർ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ അതൊരു ദൗത്യമായി സി.പി.എം പ്രവർത്തകർ ഏറ്റെടുക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത് തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്.

ഈ മാസം 25 മുതൽ 31 വരെ 38,400 ബ്രാഞ്ചുകളും ലോക്കൽ, ഏരിയ, ജില്ലാകമ്മിറ്റികളും ചേർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഏപ്രിൽ,മേയ് മാസങ്ങളിലായി സർക്കാരിന്റെ നാലാം വാർഷികം തദ്ദേശ സ്ഥാപനതലത്തിൽവരെ ആഘോഷിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ മേയ് മാസത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാല് മേഖലാതല യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

 കോൺഗ്രസ് ലക്ഷ്യം 20,000 കുടുംബസംഗമം

കോൺഗ്രസ് 9,000 കുടുംബസംഗമങ്ങൾ നടത്തി. ഏപ്രിലോടെ 20,000 കുടുംബസംഗമമാണ് ലക്ഷ്യം. മുതിർന്ന നേതാക്കളെ ആദരിക്കൽ ഉൾപ്പെടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാണ് പ്രവർത്തനം. വാർഡ് കമ്മിറ്റികൾ സജീവമാക്കി പ്രസിഡന്റുമാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതാണ് മറ്റൊരു പരിപാടി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇത് പൂർത്തിയായി.ഇന്ന് കൊല്ലത്ത് നടക്കും. ശ്രീനാരായണഗുരു-മഹാത്മഗാന്ധി സമാഗമത്തിന്റെ ശതാബ്ദി പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ഏപ്രിൽ 15 ഓടെ അതു പൂർത്തിയാക്കും.

 ബി.ജെ.പി ഗെയിം പ്ലാൻ റെഡി

എൻ.ഡി.എ എന്ന നിലയ്ക്ക് പ്രവർത്തനങ്ങൾ ആലോചിച്ചിട്ടില്ലെങ്കിലും ബി.ജെ.പിയും കൃത്യമായ ഗെയിംപ്ളാൻ രൂപപ്പെടുത്തി. അടുത്തിടെ തിരുവനന്തപുരത്ത് ജില്ലാ അദ്ധ്യക്ഷന്മാർ പങ്കെടുത്ത പ്രവർത്തക യോഗം ഇതിന്റെ ഭാഗമാണ്. സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതടക്കമുള്ള പ്രാരംഭ നടപടികളും തുടങ്ങി. ബി.ജെ.പി പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിൽ സ്ഥാനാർത്ഥികളുടെ കരട്പട്ടിക പോലും തയ്യാറാക്കിയിട്ടുണ്ട്.രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ലിസ്റ്റിൽ മാറ്റമുണ്ടാകാം.