എം.ജിക്ക് യു.ജി.സിയുടെ കാറ്റഗറി 1 ഗ്രേഡ്

Sunday 23 March 2025 12:40 AM IST

കോട്ടയം: സംസ്ഥാനത്താദ്യമായി യു.ജി.സിയുടെ കാറ്റഗറി 1 ഗ്രേഡ് അംഗീകാരം എം.ജി.സർവകലാശാലയ്ക്ക്. ഇനി യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ വിവിധ പദ്ധതികൾ നടപ്പാക്കാനും സ്ഥാപനങ്ങൾ ആരംഭിക്കാനും ഉൾപ്പെടെ സ്വയംഭരണാവകാശം ഉറപ്പാക്കാൻ കഴിയും. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ നേടിയ എ ഡബിൾ പ്ലസ് ഗ്രേഡും 3.61 ഗ്രേഡ് പോയിന്റ് ശരാശരിയും ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ആഗോള റാങ്കിൽ തുടർച്ചയായി നിലനിറുത്തുന്ന മികവും കണക്കിലെടുത്താണ് കാറ്റഗറി 1 ഗ്രേഡിൽ എം.ജി ഉൾപ്പെട്ടത്. സർവകലാശാലയുടെ അപേക്ഷ പരിഗണിച്ച് ഈ മാസം 13ന് ചേർന്ന യു.ജി.സി യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. രാജ്യത്ത് 21 സ്റ്റേറ്റ് സർവകലാശാലകൾ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. സ്വന്തമായി നൂതന പാഠ്യപദ്ധതികളും പ്രോഗ്രാമുകളും വിഭാവനം ചെയ്ത് നടപ്പാക്കാനും ഓഫ് കാമ്പസുകൾ,പഠന കേന്ദ്രങ്ങൾ വകുപ്പുകൾ,കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ,സയൻസ് പാർക്കുകൾ തുടങ്ങിയവ ആരംഭിക്കാനും കഴിയും. യു.ജി.സിയുടെ അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താനാവുമെന്നതും പ്രത്യേകതയാണ്.