കേരളത്തില്‍ നിന്ന് പിടികൂടിയത് 45,000 പാമ്പുകളെ; കൂട്ടത്തിലെ 'കാലന്‍' ഈ ഇനം; മരണസംഖ്യ ഇങ്ങനെ

Sunday 23 March 2025 1:00 AM IST

കൊച്ചി: സര്‍പ്പ ആപ്പിന്റെ ഉപയോഗവും വനം വകുപ്പ് ബോധവത്കരണവും സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം 73 ശതമാനമായി കുറച്ചു. 2016-17ല്‍ 119 പേര്‍ മരിച്ചപ്പോള്‍ 2024-25ല്‍ മരണം 32 മാത്രം. ഒമ്പത് വര്‍ഷത്തിനിടെ 636 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വനംവകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാമ്പുകടി മരണം ഇല്ലാതാക്കാന്‍ അഞ്ചുവര്‍ഷം മുമ്പാണ് വനംവകുപ്പ് ദൗത്യം തുടങ്ങിയത്. സര്‍പ്പ ആപ്പ് അവതരിപ്പിച്ചു. ജനസുരക്ഷയും പാമ്പുകളുടെ സംരക്ഷണവും അശാസ്ത്രീയ പാമ്പുപിടിത്തം മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുകയും ലക്ഷ്യമിടുന്ന ആപ്പ് ജനകീയമായി. ഒപ്പം ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും വനംവകുപ്പ് മുന്‍കൈയെടുത്തു. ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭ്യമായ ആശുപത്രിലേക്ക് ഇയാളെ എത്തിക്കാനും ഒപ്പം മുന്‍കൂട്ടി ചികിത്സാ തയ്യാറെടുപ്പുകളും നടത്താനും ആശുപത്രിയെ സജ്ജമാക്കുന്ന രീതിയിലാണ് വനംവകുപ്പിന്റെ കോ-ഓര്‍ഡിനേഷന്‍.

5 വര്‍ഷം 45,000 പാമ്പ്

സര്‍പ്പ് ആപ്പിലൂടെ 45,000 പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കി. കഴിഞ്ഞവര്‍ഷം മാത്രം 16,453 പാമ്പുകളെയും. പാമ്പുകളെ പിടികൂടാന്‍ ലൈസന്‍സുള്ള 2700 വാളന്റിയര്‍മാര്‍ സര്‍പ്പയ്ക്ക് കീഴിലുണ്ട്. സര്‍പ്പ ആപ്പിനുകീഴില്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരുമുണ്ട്.

'കാലന്‍' കോബ്ര

കോബ്രയുടെ (മൂര്‍ഖന്‍) കടിയേറ്റാണ് കൂടുതല്‍പ്പേരും മരിച്ചത്. അണലി, വെള്ളിക്കെട്ടന്‍ എന്നിവയാണ് മനുഷ്യജീവനെടുത്ത മറ്റ് പാമ്പുകള്‍. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ ഏറ്റവുമധികം മരണം സംഭവിക്കുന്നത് പാമ്പുകടിയേറ്റാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ 75 ശതമാനം മരണങ്ങളും പാമ്പുകടിയേറ്റാണ്.

വര്‍ഷം - മരണം

2016-17 - 119

2017-18 - 92

2018-19 - 123 2019-20- 71 2020-21- 52 2021-22 - 65 2022-23- 48 2023-24- 34 2024-25- 32

വനംവകുപ്പിന്റെ തീവ്രപരിശ്രമത്തിന്റെ ഫലമാണ് മരണനിരക്കിലെ കുറവ്. ഇത് പൂജ്യത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. - വൈ. മുഹമ്മദ് അന്‍വര്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നോഡല്‍ ഓഫീസര്‍ -സര്‍പ്പ ആപ്പ്