കുറുപ്പംപടി പീഡനക്കേസ്,അമ്മയും ആൺസുഹൃത്തും ചേർന്ന് പെൺകുട്ടികളെ മദ്യം കുടിപ്പിച്ചു
കൊച്ചി: കുറുപ്പംപടി പീഡനക്കേസിൽ അറസ്റ്റിലായ അമ്മയും ആൺസുഹൃത്തും ചേർന്ന് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നതായി പീഡനത്തിന് ഇരയായ സഹോദരിമാർ. കേസിൽ അറസ്റ്റിലായ ടാക്‌സിഡ്രൈവർ അയ്യമ്പുഴ മഠത്തിപ്പറമ്പിൽ ധനേഷ്‌കുമാർ (38) വീട്ടിൽ എത്തുമ്പോഴായിരുന്നു മദ്യം കുടിപ്പിച്ചിരുന്നത്. കൂട്ടുകാരിക്ക് നൽകിയ കത്തുകണ്ട് വിവരം പൊലീസിനെ അറിയിച്ച ടീച്ചറോട് അമ്മയും ധനേഷ്‌കുമാറും മദ്യം തരാറുണ്ടെന്ന് കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ,ആദ്യമൊഴിയിൽ കുട്ടികൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല. ടീച്ചറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടികളിൽനിന്ന് വീണ്ടും വിവരം തേടിയപ്പോഴാണ് ഇക്കാര്യം അവർ ശരിവച്ചത്. ഇതോടെ പൊലീസ് പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾകൂടി ചുമത്തി.
കുട്ടികളെ മദ്യലഹരിയിലാണോ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ധനേഷ് പീഡനത്തിനിരയാക്കിയത് കുട്ടികൾ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ ഇവരിത് കേട്ടഭാവം നടിച്ചില്ല. പ്രതി ഇത് മുതലെടുക്കുകയായിരുന്നു. കുട്ടികൾ പീഡനത്തിന് ഇരയായവിവരം അറിഞ്ഞിരുന്നുവെന്ന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിൽ ഇവർ സമ്മതിച്ചിരുന്നു. തുടർന്ന് പോക്‌സോവകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയേയും ധനേഷിനേയും കസ്റ്റഡിയിൽ വാങ്ങും.