സമരത്തെ തള്ളിപ്പറയില്ല: ആർ.ചന്ദ്രശേഖരൻ

Sunday 23 March 2025 2:34 AM IST

ആലപ്പുഴ: ആശാ പ്രവർത്തകരുടെ സമരത്തെ ഐ.എൻ.ടി.യു.സി തള്ളിപ്പറയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഇപ്പോൾ സമരം ചെയ്യുന്നത് എസ്.യു.സി.ഐയുടെ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ്. ഐ.എൻ.ടി.യു.സിയുടെ പിന്തുണ അവർ തേടിയിട്ടില്ല. ആശാ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിലും വിവിധ സമരങ്ങൾ നടക്കുന്നുണ്ട്. അഞ്ച് വർഷം ജോലി ചെയ്ത എല്ലാവരെയും സ്ഥിരപ്പെടുത്തണമെന്നാണ് നിലപാട്. സമരത്തിന് കോൺഗ്രസ് പിന്തുണ നൽകുന്നത് നല്ല കാര്യം. എന്നാൽ ഒരു ട്രേഡ് യൂണിയന് അത്തരം നിലപാടെടുക്കാൻ കഴിയില്ല. ആശമാരുടെ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുപോലെ കുറ്റക്കാരാണെന്നും ആർ.ചന്ദ്രശേഖരൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.