3500 അടി ഉയരത്തിൽ പറന്ന് മന്ത്രി മുഹമ്മദ് റിയാസ്

Sunday 23 March 2025 1:39 AM IST

പീരുമേട്: വാഗമണ്ണിൽ 3500 അടി ഉയരത്തിൽ പറന്ന് പാരാഗ്ലൈഡിംഗ് ആസ്വദിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെ വാഗമൺ ഇന്റർനാഷണൽ ടോപ് ലാൻഡിംഗ് ആക്കുറസി കപ്പ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം പാരാഗ്ലൈഡിംഗ് നടത്തിയത്.

ഏഴ് വർഷമായി വാഗമൺ സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ പരിശീലനം നടത്തുന്ന മിഥുൻ,അദ്ദേഹത്തിന്റെ ഗൈഡായി ഒപ്പം ചേർന്നു. ഉച്ചയ്‌ക്ക് 12.30ന് പറന്നുയർന്ന ഇരുവരും 12.40ന് തിരികെ ലാൻഡ് ചെയ്‌തു. 10 കിലോമീറ്റർ ചുറ്റളവിലാണ് അദ്ദേഹം പാരാഗ്ലൈഡിംഗ് നടത്തിയത്.

സാഹസിക ടൂറിസം ഹബ്ബായി

കേരളത്തെ മാറ്റും

സാഹസിക ടൂറിസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.