ഇൻഡസ് ഇൻഡ് ബാങ്കിന്റെ കണക്ക് പരിശോധിക്കാൻ ഗ്രാൻഡ് തോർടന്റ്

Monday 24 March 2025 12:57 AM IST

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയിലെ കണക്കുകളിലുണ്ടായ പാളിച്ചയിൽ ഫോറൻസിക് പരിശോധന നടത്താനായി ആഗോള അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രാൻഡ് തോർടന്റിനെ ചുമതലപ്പെടുത്തിയേക്കും. വിദേശ നാണയ വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിലെ ചെലവുകൾ കണക്കാക്കുന്നതിൽ വന്ന പാളിച്ച മനപ്പൂർവം വരുത്തിയതാണോയെന്നും ബാങ്കിലെ ഉന്നതർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടോയെന്നുമാണ് ലണ്ടൻ ആസ്ഥാനമായ ഏജൻസി പരിശോധിക്കുന്നത്. കണക്കുകളിലെ പാളിച്ചകൾ മൂലം ഇൻഡസ് ഇൻഡ് ബാങ്കിന്റെ മൊത്തം മൂല്യം യഥാർത്ഥ്യത്തിലുള്ളതിനേക്കാൾ 2.35 ശതമാനം കൂടുതലായാണ് അക്കൗണ്ടുകളിൽ കാണിച്ചിരുന്നതെന്ന് മാർച്ച് പത്തിന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിരുന്നു. ഇതിനാൽ ബാങ്കിന്റെ അറ്റ ആസ്തിയിൽ 2,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരി വില 23 ശതമാനത്തിനടുത്ത് ഇടിഞ്ഞു.

ഇൻഡസ് ബാങ്കിലെ നേതൃ സ്ഥാനത്തുള്ള ഉദ്യോഗസ്ഥരോട് സ്ഥാനം ഒഴിയാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് വക്താവ് അവകാശപ്പെട്ടു.