പാഴ്സലായി മയക്കുമരുന്ന് അയച്ച് യുവതിയെ കുടുക്കാൻ ശ്രമം,​ പൊലീസ് അന്വേഷണം തുടങ്ങി

Monday 24 March 2025 2:09 AM IST

ആലപ്പുഴ: പാഴ്സലായി മയക്കുമരുന്ന് അയച്ച് യുവതിയെ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ

വള്ളികുന്നം പൊലീസ് അന്വേഷണം തുടങ്ങി. വള്ളികുന്നം കണ്ണനാകുഴി സ്വദേശിനിയായ യുവതിക്കാണ് കഴിഞ്ഞ ദിവസം പോസ്റ്റൽ കവറിനുളളിൽ പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത നിലയിൽ അരഗ്രാം വരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള പദാർ‌ത്ഥം ലഭിച്ചത്. സുതാര്യമായ പ്ലാസ്റ്റിക്ക് പായ്ക്കറ്റിലുണ്ടായിരുന്ന പദാർ‌ത്ഥം മയക്കുമരുന്നാണെന്ന സംശയത്തിൽ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് പാഴ്സൽ കസ്റ്റഡിയിലെടുത്തു. എം.ഡി.എം.എയോട് സാമ്യമുള്ള വസ്തുവാണ് പ്ളാസ്റ്റിക് പായ്ക്കിംഗിലുള്ളത്. അതേസമയം,​ പാഴ്സൽ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്ന നിലപാടിലാണ് പൊലീസ്.

വിവാഹമോചന കേസുമായി കഴിയുന്ന യുവതിക്ക് ശനിയാഴ്ച വൈകുന്നേരമാണ് പാഴ്സൽ പോസ്റ്റുമാൻ മുഖേന ലഭിച്ചത്. അയൽവാസിയായ സുഹൃത്തിന്റെ സഹോദരന്റെ പേരും ഫോൺ നമ്പരുമാണ് കായംകുളം പുള്ളിക്കണക്ക് പോസ്റ്റ് ഓഫീസിൽ നിന്ന് പാഴ്സൽ ചെയ്ത കവറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. യുവതി ഈ ഫോൺനമ്പരിൽ ബന്ധപ്പെട്ടെങ്കിലും താൻ അങ്ങനൊരു പാഴ്സൽ അയച്ചിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് കവറയച്ചതുമായി ബന്ധമില്ലെന്നാണ് കണ്ടെത്തുകയും ചെയ്തു. പോസ്റ്റ് ഓഫീസ് പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങളും ജീവനക്കാരിൽ നിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കി പാഴ്സൽ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.