അങ്കണവാടിയിലെ മുട്ടയും മൊബൈൽ ഫോണും മോഷ്ടിച്ച കള്ളൻ പിടിയിൽ

Sunday 23 March 2025 10:58 PM IST
അങ്കണവാടിയിൽ നിന്നും മുട്ടയും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി

അടൂർ: ചൂരക്കോട് ശ്രീനാരായണപുരം 31-ാം നമ്പർ അങ്കണവാടിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ അടൂർ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം യേരൂർ കമുകും പള്ളിൽ വീട്ടിൽ ജയകുമാർ(48) നെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾക്കു വേണ്ടി സൂക്ഷിച്ചിരുന്ന മുട്ടയും അങ്കണവാടി അവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മാർച്ച് 18 നാണ് സംഭവം. അങ്കണവാടിയിൽ കയറിയ ജയകുമാറും ഏഴു മുട്ടയിൽ അഞ്ചെണ്ണം പൊട്ടിച്ച് കുടിച്ചു. രണ്ടെണ്ണം മതിലിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. അലമാരിയിൽ ഇരുന്ന ഫയലുകളും, പേപ്പറുകളും നിലത്ത് വാരിവലിച്ചിട്ടു. അങ്കണവാടി ജീവനക്കാരി എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. സി.സി.ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.അടൂർ എസ്.എച്ച്.ഒ ശ്യാം മുരളിയുടെ നേതൃത്വത്തിൽ എസ് .സി.പി.ഒ ശ്യാംകുമാർ, പ്രമോദ് കുമാർ,സി.പി.ഒമാരായ വിജയ് കൃഷ്ണ, രാഹുൽ,എസ്.സനൽ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.