40 ലക്ഷം കവർന്ന കേസ് ,​ കാറുടമയുടെ തരികിട,​ കവർച്ചാനാടകം ഭാര്യാപിതാവിന്റെ പണം ധൂർത്തടിച്ചത് മറയ്ക്കാൻ

Monday 24 March 2025 12:00 AM IST
റഹീസ്

കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിറുത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നെന്ന പരാതി കാറുടമയുടെ നടകം. സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ്, കാറുടമയും പരാതിക്കാരനുമായ യുവാവിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. പരാതിക്കാരൻ ആനക്കുഴിക്കര മായങ്ങോട്ടുചാലിൽ സ്വദേശി പി.എം.റഹീസ് (35), സുഹൃത്തുക്കളായ ആനക്കുഴിക്കര സ്വദേശി മേലെതെക്കുവീട്ടിൽ എം. സാജിദ് (37), പൂവാട്ടുപറമ്പിലെ മായങ്ങോട്ടുംതാഴം ജംഷിദ് (42) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ പിതാവ് കേരളത്തിൽ സ്ഥാപനത്തിന്റെ ശാഖകളിലേക്ക് കൊടുക്കാനായി പലപ്പോഴായി അയച്ചുകൊടുത്ത 40 ലക്ഷം രൂപ റഹീസ് ധൂർത്തടിച്ചു. പണം മടക്കി നൽകാൻ കഴിയാതെ വന്നതോടെ കവർച്ച നടന്നതായി വരുത്തുകയായിരുന്നി പ്രതിയെന്ന് എ.സി.പി ഉമേഷ് അറിയിച്ചു. മോഷണനാടകം നടത്താൻ സുഹൃത്തുക്കളായ രണ്ടു പേർക്ക് 90,000 രൂപയാണ് റഹീസ് ക്വട്ടേഷൻ നൽകിയത്. കാറിനകത്ത് പണമില്ലായിരുന്നെന്നും പകരം ചാക്കിൽ പേപ്പർ നിറച്ചായിരുന്നു നാടകമെന്നും തുകയുടെ ഉറവിടം പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ആസൂത്രിത നാടകം

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൂവാട്ടുപറമ്പ് കെയർ ലാന്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ചാക്കിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഉൾപ്പെടെ 40,25,000 രൂപ കവർന്നെന്നായിരുന്നു റഹീസ് പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സി.സി.ടിവി ദൃശ്യങ്ങൾ നിർണായകമായി. സ്കൂട്ടറിൽ രണ്ടുപേർ വന്ന് കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതായും കാറിൽ നിന്ന് എന്തോ സാധനം എടുത്ത് ഓടിപ്പോകുന്നതായും കണ്ടു.

പ്രതികൾ ഹെൽമെറ്റ് ധരിച്ചതിനാലും ക്ലാരിറ്റി കുറവും പ്രതികളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി.

നമ്പർ പ്ലേറ്റ് വ്യാജം

സിറ്റി ഡി.സി.പി. അരുൺ കെ. പവിത്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷണം നടത്താനുപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് വാഹനം കണ്ടെത്തി,​ പണം കവർന്ന സാജിദ് എന്ന ഷാജിയെയും ജംഷിദിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നാടകം പൊളിഞ്ഞത്.

പരാതിക്കാരനായ റഹീസ് പറഞ്ഞ പ്രകാരം സാജിദ് എടുത്ത ക്വട്ടേഷനാണെന്നും ചാക്കിൽ പണമൊന്നും ഇല്ലായിരുന്നെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. വ്യാജ പരാതി നൽകിയതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.