ആശമാരുടെ കൂട്ട ഉപവാസം ഇന്ന്

Monday 24 March 2025 12:38 AM IST

തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ആശാവർക്കർമാർ ഇന്ന് കൂട്ട ഉപവാസം അനുഷ്ഠിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം അഞ്ചാംദിവസത്തിലേയ്ക്ക് കടക്കുന്ന ഇന്ന്, നിരാഹാരം കിടക്കുന്ന മൂന്നു ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കൂട്ട ഉപവാസം. രാവിലെ 10ന് ഡോ.പി. ഗീത ഉദ്ഘാടനം ചെയ്യും.

സമരപ്പന്തലിൽ എത്താനാകാത്തവർ വീടുകളിൽ ഉപവാസമിരിക്കും. ജില്ലാ കേന്ദ്രങ്ങൾക്കും പി.എച്ച്.സികൾക്കു മുന്നിലും ഉപവാസം നടത്തും. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സമരക്കാർക്ക് ഒരുലക്ഷം രൂപ കൈമാറി.

വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി ദേശീയ പ്രസിഡന്റും എം.പിയുമായ തിരുമാവളവൻ, മുൻമന്ത്രി പി.കെ.ജയലക്ഷ്മി, മുൻ എം.പി രമ്യ ഹരിദാസ്, ഷാനിമോൾ ഉസ്മാൻ, കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അസോസിയേഷൻ വനിതാവേദി സംസ്ഥാന കൺവീനർ പ്രൊഫ.പ്രജിത തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി.