വിഘ്നേഷ് വിസ്മയമായിട്ടും വിജയം ചെന്നൈയ്ക്ക്
മുംബയ് ഇന്ത്യൻസിനെ വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
മുംബയ് ഇന്ത്യൻസിനായി അരങ്ങേറിയ വിഘ്നേഷ് പുതൂരിന് മൂന്ന് വിക്കറ്റ്
ചെന്നൈ : സീസണിലെ ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ നാലു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ മൂന്നുവിക്കറ്റുകൾ വീഴ്ത്തി മലയാളി സ്പിന്നർ വിഘ്നേഷ് പുതൂർ അരങ്ങേറ്റം അടിപൊളിയാക്കിയെങ്കിലും മുംബയ്ക്ക് വിജയിക്കാനായില്ല .
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസേ നേടാനായുള്ളൂ.19.1 ഓവറിലാണ് ചെന്നൈ വിജയം കണ്ടത്. നായകൻ റുതുരാജ് ഗെയ്ക്ക്‌വാദും(53),രചിൻ രവീന്ദ്രയും (65*) നേടിയ അർദ്ധസെഞ്ച്വറികളാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. റുതുരാജ്,ശിവം ദുബെ(9), ദീപക് ഹൂഡ (3) എന്നിവരെയാണ് അടുത്തടുത്ത ഓവറുകളിൽ വിഘ്നേഷ് പുറത്താക്കിയത്.എന്നാൽ രവീന്ദ്ര ജഡേജയും(17) രചിനും ചേർന്ന് വിജയത്തിനടുത്തുവരെയെത്തിച്ചു. 19-ാം ഓവറിൽ ജഡേജ റൺഔട്ടായപ്പോൾ ഇറങ്ങിയ ധോണി രണ്ടുപന്തുകൾ നേരിട്ടെങ്കിലും റണ്ണെടുത്തില്ല.
നാലുവിക്കറ്റ് വീഴ്ത്തിയ നൂർ അഹമ്മദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദും ചേർന്നാണ് മുംബയ്‌യെ ഈ സ്കോറിലൊതുക്കിയത്. ആദ്യ ഓവറിൽതന്നെ രോഹിതിനെ ഡക്കാക്കിയാണ് ഖലീൽ തുടങ്ങിയത്.സൂര്യകുമാർ യാദവ് (29), തിലക് വർമ്മ (31),ദീപക് ചഹർ (28*) എന്നിവർ മാത്രമാണ് മുംബയ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.റിക്കിൾട്ടൺ(13), വിൽ ജാക്സ് (11),റോബിൻ മിൻസ് (3) തുടങ്ങിയവർ നിരാശപ്പെടുത്തി.
18-ാം തവണയാണ് രോഹിത് ഐ.പി.എല്ലിൽ ഡക്കായത്. ഇതോടെ ദിനേഷ് കാർത്തിക്കിന്റെയും ഗ്ളെൻ മാക്സ്‌വെല്ലിന്റെയും റെക്കാഡിനൊപ്പമെത്തി.
വിഘ്നേഷിന്റെ വിക്കറ്റുകൾ
4-0-32-3
7.5-ാം ഓവർ
റുതുരാജ് ഗെയ്‌ക്ക്‌വാദ് സി ജാക്സ് ബി വിഘ്നേഷ്
9.4-ാം ഓവർ
ശിവം ദുബെ സി തിലക് ബി വിഘ്നേഷ്
11.4-ാം ഓവർ
ദീപക് ഹൂഡ സി രാജു ബി വിഘ്നേഷ്